ബെര്‍ളിത്തരങ്ങള്‍
കുറേക്കാലമായി ആര്‍ക്കിട്ടെങ്കിലും രണ്ടെണ്ണം പൊട്ടിക്കണം എന്നു തോന്നിയിട്ടുണ്ടെങ്കില്‍ അതു മനോരമ ഓണ്‍ലൈനിലെ ബെര്‍ളി തോമസ് എന്ന മഹാനിട്ടു മാത്രമാണ്. നമുക്കു ചുറ്റും സംഭവിക്കുന്നതെന്ന മട്ടില്‍ ടിയാന്‍ ഉണ്ടാക്കിയെടുക്കുന്ന കഥകള്‍ വായിച്ചാല്‍ നിങ്ങള്‍ക്കും അങ്ങനെ തോന്നാതിരിക്കില്ല. സന്തോഷ് കുറെക്കാലം മുന്‍പ് കുറച്ചെണ്ണം ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീമാന്‍ ബെര്‍ളി ഏറ്റവുമൊടുവില്‍ കഥകളുണ്ടാക്കിയിരിക്കുന്നത് ബ്ലോഗന്മാരെപ്പറ്റിയാണ്.
ബാബുക്കുട്ടന്‍ എന്ന സാങ്കല്പിക കഥാപാത്രത്തെ സൃഷ്ടിച്ചാണ് ബെര്‍ളി ബ്ലോഗിംഗിനെ വിലയിരുത്തുന്നത്. ലെബനിനെ സ്ത്രീകളെക്കുറിച്ചെഴുതുന്ന ബ്ലോഗില്‍ ബാബുക്കുട്ടന്‍ സ്വന്തം നാടിനെക്കുറിച്ചും വീടിനെക്കുറിച്ചും എഴുതുമത്രേ. ലെബനിനെ സ്ത്രീകളെക്കുറിച്ചുള്ള ബ്ലോഗുകള്‍ വായിച്ചിട്ട് ബെര്‍ളിക്ക് ആകെ കിട്ടിയത് ബാബുക്കുട്ടനെയാണ്. ആരാണീ ബാബുക്കുട്ടന്‍ എന്നോ ഏതു ലബനീസ് സ്ത്രീകളെക്കുറിച്ചുള്ള ബ്ലോഗുകളെന്നോ ചോദിക്കരുതു്. കഥയില്‍, വിശേഷിച്ചും ബെര്‍ളിയുടെ കഥയില്‍ ചോദ്യമേ അരുത്.
പോട്ടെ ഒരു ബാബുക്കുട്ടനെ സൃഷ്ടിച്ച് ബെര്‍ളി ചിക്കിലി വാങ്ങിക്കോട്ടെ; നിര്‍ത്തിയേക്കാം എന്നു കരുതി. അപ്പോഴല്ലേ ടിയാന്റെ സ്വയമ്പന്‍ നിരീക്ഷണങ്ങള്‍.
ഇത്തരം ബ്ലോഗന്മാര്‍ ഒന്നും രണ്ടുമല്ല എന്നതാണു മറ്റൊരു കാര്യം. ഇവര്‍ക്ക്
ബ്ലോഗുകള്‍ തന്നെക്കുറിച്ചുതന്നെ ലോകത്തോടു വിളിച്ചു പറയാനുള്ള മാധ്യമമാണ്.
അടിസ്ഥാനപരമായി പ്രശസ്തനാവാനുള്ള മോഹം സൃഷ്ടിക്കുന്ന ലളിതമായ അധ്വാനമാണ്
ഇവരെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്. കെ. എസ്. ആര്‍. ടി. സി. ബസ്
സ്റ്റേഷനിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ സ്വന്തം പേരും വിലാസവും ഫോണ്‍ നമ്പരും
എഴുതിവച്ച് പ്രശസ്തനാവാന്‍ കൊതിക്കുന്നവന്റെ അതേ ലളിതമായ മനശാസ്ത്രമാണ് ഇത്തരം ബാബുക്കുട്ടന്മാരെയും സൃഷ്ടിക്കുന്നത്. തന്നെക്കുറിച്ചുള്ള കാര്യങ്ങള്‍
ബ്ലോഗുകളാക്കുന്നവരില്‍ ഏറിയ പങ്കും മലയാളികളാണെന്നതു ശ്രദ്ധേയമാണ്. ബ്ലോഗുകളും സിറ്റിസണ്‍ ജേര്‍ണലിസവുമൊക്കെ ആധുനിക സമൂഹത്തിന്റെ ഊര്‍ജധാരയെ സ്വാധീനിക്കുന്ന ആശയവിനിമയ ജാലകങ്ങളാണെന്നൊക്കെ താത്വികമായി പറയുമ്പോഴും ഇത്തരം തമാശകള്‍ കഴിഞ്ഞിട്ട് മറ്റൊന്നും വായിക്കാന്‍ സമയമില്ല എന്ന അവസ്ഥ ശോചനീയവുമാണ്.
പാവം ബെര്‍ളി. അദ്ദേഹത്തിനു ബ്ലോഗുകള്‍ മുഴുവന്‍ നോക്കിയിട്ടും ഇത്തരം തമാശക്കാരെ മാത്രമേ കണ്ടെത്താനായുള്ളു. കഷ്ടമല്ലേ കൂട്ടരേ.
ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് ഇതുവരെ ബെര്‍ളിയുടെ ബാബുക്കുട്ടനെപ്പോലെ ഒരു മലയാളിയെയും എനിക്കു കാണാനൊക്കാഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്. പിന്നെ ഞാന്‍ ആശ്വസിക്കും; ബെര്‍ളി കണ്ടെത്തുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിനു മാത്രം പരിചയമുള്ളവരാണല്ലോ.
എങ്കിലും ബെര്‍ളി, കംഫര്‍ട്ട് സ്റ്റേഷനില്‍ എഴുതിപ്പരക്കുന്ന സാഹിത്യത്തില്‍ നിന്നും പതിന്മടങ്ങു മെച്ചമാണ് താങ്കളുടെ എഴുത്തുകളെന്നു അഭിമാനിക്കാനുള്ള താങ്കളുടെ ആ ചങ്കൂറ്റമുണ്ടല്ലോ. അതെന്നെ വല്ലാതെ ഇമ്പ്രസ് ചെയ്തു. താങ്കളുടെ കുറിപ്പുകള്‍ ആധുനിക സമൂഹത്തിന്റെ ഊര്‍ജ്ജധാരയെ എത്രത്തോളമാണെന്നോ സ്വാധീനിക്കുന്നത്? എന്നിട്ടും എന്തൊരെളിമ!
താങ്കളുടെ റെക്കമന്‍ഡേഷനില്‍ മലയാളികളായ കക്കൂസെഴുത്തുകാരെയെല്ലാം മനോരമ ഓണ്‍ലൈനില്‍ ഇത്തരം കോളമെഴുതാന്‍ എടുത്തിരുന്നെങ്കില്‍ എന്നു ഞാനാശിച്ചു പോവുകയാണ്.
17 comments so far
Leave a reply
ബെര്‍ളി, ബാബുക്കുട്ടനെപ്പറ്റി പറഞ്ഞത് ശുദ്ധ തോന്ന്യവാസമായിപ്പോയി. എന്റെ അറിവിലും അങ്ങിനെ ഒരു കഥാപാത്രമില്ല. (ഇനി ഞാനാണോ ആ ബാബുക്കുട്ടന്‍, ബെര്‍ലിയുടെ മെയില്‍ ഐഡി കിട്ടിയിരുന്നെങ്കില്‍ അപമാനിക്കരുതെന്ന് ഒരു മെയില്‍ വിടാമായിരുന്നു). ബ്ലോഗര്‍മാരെ അടച്ചാക്ഷേപിച്ച ബെര്‍ലിക്കെതിരേ എഡിറ്റര്‍ക്ക് ഒരു കത്തയക്കുകയെങ്കിലും നമ്മള്‍ ചെയ്യേണ്ടതാണ്.
എങ്കിലും വിക്കിമാപ്പിയ-യെപ്പറ്റി പറഞ്ഞത് ആക്ഷരംപ്രതി സത്യം. അവിടെ വരുന്ന ടാഗുകള്‍ കണ്ടിട്ട് ബെര്‍ളി ചോദിച്ച ചോദ്യം (ഒന്ന് നന്നായിക്കൂടേ, പ്ലീസ്) എനിക്കും ഒരുപാടു പേരോട് ചോദിക്കേണ്ടി വന്നിട്ടുണ്ട്. ഞാന്‍ പഠിച്ച വിദ്യാലയമായ കൊച്ചിന്‍ യൂനിവേര്‍സിറ്റിയില്‍ കണ്ട ചില അസഭ്യം നിറഞ്ഞ ടാഗുകള്‍ കാരണം പിന്നെ ഞാന്‍ ആ വഴിക്കേ പോയിട്ടില്ല.
ഉവ്വ് ശ്രീജിത്ത്, വിക്കി മാപ്പിയയെപ്പറ്റി അദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ കാതല്‍ അതാക്കാമായിരുന്നു. അതിനു പകരം ഒരു ബാബുക്കുട്ടനെക്കൂട്ടി ബ്ലോഗിനെ വിലയിരുത്താന്‍ പോയതാ കല്ലുകടിയായതു്.
ഇനിയെങ്കിലൂം ഒന്നു നന്നായിക്കൂടേ.. പ്ളീസ് !
ബെര്‍ളിയോടു ചോദിക്കുവാനുള്ള ഏക ചോദ്യം.
ആ ബെര്‍ളിക്കിത്തിരി ജമാല്‍ കോട്ട കൊടുക്കാന്‍ ടൈം ആയി.
ബാബുക്കുട്ടന്‍ ബെര്‍ളി തന്നെയാണ്. പാവം. എങ്ങനെയോ മനോരമയില്‍ കയറിപ്പറ്റി. അവിടെ സ്വന്തം വീട്ടിലെ കാര്യങ്ങള്‍ എഴുതാനും പറയാനും പാവത്തിന് വളരെ ആശയുണ്ട്. പക്ഷെ കാശുകൊടുക്കുന്ന മുതലാളിയ്ക്ക് സമ്മതമല്ല. എന്തെങ്കിലും എഴുതിക്കൊടുത്തില്ലെങ്കില്‍ ശമ്പളം കിട്ടില്ല. ബ്ലോഗില്‍ എഴുതിയാല്‍ കമന്റെങ്കിലും കിട്ടും. അതുകൊണ്ട് ബ്ലോഗേഴ്സിനൊക്കെ സമ്മതമാണോന്ന് ചോദിക്കാന്‍ വേണ്ടി ഒരു കോളം ഇട്ടതാണ്. പാവം. ബ്ലോഗിലൊക്കെ കോപ്പിറൈറ്റ് വെച്ചതുകൊണ്ട് മോഷ്ടിച്ച് പത്രത്തിലിടാനും പറ്റില്ല. കോളം നിറയ്ക്കണ്ടേ. കെ.എസ്.ആര്‍.ടി.സി യിലെ ചുമരെഴുത്തുകള്‍ ഇദ്ദേഹത്തിന്റെ റിസര്‍ച്ചിന്റെ വിഷയം ആയിരിക്കും. അതുകൊണ്ട് അതിനെപ്പറ്റി അടുത്തുതന്നെ ഒരു വിശദമായ ലേഖനം പ്രതീക്ഷിക്കാം.
ഉദരനിമിത്തം ബഹുകൃതവേഷം.
സ്വന്തമായി കഥാപത്രങ്ങളെ സൃഷ്ടിച്ചെടുത്ത് എഴുതിത്തകര്‍ക്കുന്നവര്‍ക്കിടയില്‍ ഒരാള്‍ മാത്രമല്ലെ ബെര്‍ളി…മനോരമയുടെ ഫീച്ചറുകളില്‍ പലതിലും എഴുത്തുകാരന്‍റെ ഭാവനാ വിലാസം അതിരുകള്‍ ലംഘിച്ച് ഒഴുകുന്നില്ലെ എന്ന് തോന്നിയിട്ടുണ്ട്.
ഒരു ബ്ലോഗും വായിക്കാതെ എഴുതിയതാവാനാണു വഴി. ഇങ്ങനേയും കുറേ ജന്‍മ്ങ്ങള്‍!!:)
എവിടെയൊക്കെ ബ്ലോഗുകളുണ്ടോ അവിടെയൊക്കെ ബാബുവുമുണ്ട്…
ബ്ലോഗിലെ ലൈഫ്‌ബോയ് ആണെന്ന് തോന്നുന്നു ബാബുകുട്ടന്‍.
മനോരമ നന്നാവില്ലെന്ന് വാശി പിടിക്കുമ്പോള്‍ പിന്നെ ബെര്‍ളി മാത്രം എങ്ങനെ നന്നാവും? സോ, നോ കമന്റ്‌സ്
ബെര്‍ളിയുടെ ജീവിത വീക്ഷണങ്ങളും കാഴ്‌ചപ്പാടുകളും എന്തേ ഇങ്ങിനെയൊക്കെയായി തീരുന്നു? മനഃപൂര്‍വ്വമോ അതോ മാനേജ്‌മെന്റിന് വേണ്ടിയോ?
പക്ഷേ വിക്കിമാപ്പിയയെപ്പറ്റി പറഞ്ഞത്, ശ്രീജിത്തും മന്‍ജിത്തും പറഞ്ഞതുപോലെ കറക്ട്. അത് മാത്രമായി അവര്‍ പറഞ്ഞിരുന്നുവെങ്കില്‍…
“ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും…”
വൃത്തിയും വെടിപ്പും വേണം
– ഈച്ചയുടെ സുഭാഷിതം
പാല് മാത്രമേ കുടിക്കാവൂ
-കൊതുകിന്റെ പ്രബോധനം
ശുദ്ധരതി ശീലമാക്കൂ.
– കോഴിക്കുട്ടന്റെ കവലപ്രസംഗം
ബെര്‍ളി തോമസ് എഴുതിയ മുന്‍ ലേഖനങ്ങള്‍ കൂടി വായിച്ചാലല്ലേ സാധാരണ ഇദ്ദേഹത്തിനു എന്തൊക്കെയാണ് താല്‍പ്പര്യം എന്ന് അറിയാനാവൂ.
കുറച്ച് പിറകോട്ട് പോയി നോക്കി.
സ്കൂള്‍ കുട്ടികള്‍ വേശ്യാവൃത്തി നിറുത്തി ട്യൂഷന്‍ പഠിപ്പിച്ച് ജീവിക്കാന്‍ തുടങ്ങിയെന്ന് ഒരു ലേഖനം.
പുരുഷന്മാരുടെ ടെന്നിസു കാണാന്‍ കാണികളില്ലെന്നും എല്ലാവര്‍ക്കും സാനിയയുടെ പാവാട കാണാനാനിഷ്ടമെന്നും വേരൊരെണ്ണം
മദ്ധ്യവയസ്സായ പെണ്ണുങ്ങളൊക്കെ ചെറിയ ആണ്‍കുട്ടികളെ തിരക്കി നടക്കുകയാണെന്ന് വേരൊരെണ്ണം
പ്രായമായവര്‍ അശ്ലീല കാര്‍ട്ടൂണ്‍ സിനിമക്കു പിറകേ നടക്കുന്നെന്ന് വേറേയൊന്ന്
പഴയ ബില്‍-മോനിക്കാ സംഭവത്തിന്റെ സാര്‍വ്വദേശീയത
നയന്താരയുടെ ഉടുതുണി.. അടുത്ത കവലയിലെ വേശ്യയുടെ തന്ത്രം അങ്ങനെ പോകുന്നു ആര്‍ട്ടിക്കിളുകള്‍.
ഈ മനുഷ്യന്‍ ബ്ലോഗ് എന്നു കേള്‍ക്കുമ്പോള്‍ എന്തു പ്രതീക്ഷിച്ചു വരും, എന്ത് അഭിപ്രായവുമായി തിരിച്ചു പോകും.
പ്രിയ ബേര്‍ളി, താങ്കള്‍ ഭാഗ്യവാന്‍. ഇരുപതു വര്‍ഷം മുന്നേ ഇത്തരം ലേഖനങ്ങള്‍ ഒരു ഷെഡ്ഡില്‍ ഒളിച്ചിരുന്ന് കല്ലച്ചില്‍ നോട്ടീസ് പേപ്പര്‍ ഇട്ട് അടിച്ച് ചാക്കു സൂചിയാല്‍ കുത്തിക്കെട്ടി കവലയിലെ കടയിലിട്ടു വില്‍ക്കുകയും അതിന്റെ പേരില്‍ ഇടക്കിടക്കു തല്ലുവാങ്ങിക്കുകയും ചെയ്തിരുന്നുന്നു താങ്കളുടെ വര്‍ഗ്ഗം. ഇന്ന് മാന്യമായൊരു
തൊഴിലായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. സീരിയലെന്ന പേരില്‍ കൊച്ചു പുസ്തകങ്ങളുടെ വീഡിയോ എഡിഷന്‍ അച്ച്ഛനും അമ്മയും അമ്മൂമ്മയും കൊച്ചുമക്കളും ഒന്നിച്ചിരുന്നു കാണുന്ന കാലമല്ലേ, അതിശയമില്ല.
ഇതൊക്കെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം തന്നെ എഴുതുകയും അദ്ദേഹത്തിന് മനോരമ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്യുന്നതിന്റെ ഫലമായി പ്രസിദ്ധീകരിക്കപ്പെടുന്നതാണോ അതോ മനോരമയുടെ ഇന്‍പുട്ടും ഉണ്ടോ? പണ്ട് ബോബനും മോളിയും കേസില്‍ പറഞ്ഞതുപോലെ മനോരമ മാനേജ്‌മെന്റിന്റെ ഐഡിയായാണോ ബര്‍ളി തോമസ് എഴുതിവിടുന്നത്?
ഇനിയെങ്ങാനും ദേഹം, പണ്ട് ടോംസ് ഉടക്കി പോയതുപോലെ മനോരമയില്‍ നിന്നും പോയി ബര്‍ളിയും മോളിയും എന്നോ ബെര്‍ളിയുടെ അനുഭവക്കുറിപ്പുകള്‍ എന്നോ മറ്റോ പുസ്തകം ഇറക്കുമ്പോള്‍ മനോരമ കേസിനു പോവുകയും, അതൊന്നും ബര്‍ളിയുടേതല്ല, ഐഡിയ കമ്പ്ലീറ്റ് ഞങ്ങളുടേതാണ് എന്നൊക്കെ കോടതിയില്‍ വാദിക്കുമോ?
പരീക്ഷണം
വെക്കേഷനറുടെ കമണ്റ്റ് ബെര്‍ളിയുടെ ഏതോ ഒരിടത്ത് ആലു കിളിര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. അദ്ദേഹം അത് എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന് കണ്ടറിയണം. ഞാന്‍ ബൂലോകത്തില്‍ പുതിയ ആളാണു. വക്കാരിമഷ്ടായുടെയും ദിവാസ്വ്പ്നത്തിണ്റ്റെയും മറ്റും നര്‍മ്മബോധവും നിരീക്ഷണപാടവും ഒത്തിണങ്ങിയ പോസ്റ്റുകള്‍ പത്രങ്ങളിലെഴുതുന്ന പല കെങ്കേമന്‍മാരെയും പിന്നിലാക്കുന്നവയാണു. ഭാഷയുടെ നവോത്ഥാനം (ചെറിയൊരു ക്ളീഷേയണു, ക്ഷമിക്കുക.) നടക്കുന്നത് മനോരമയിലൂടെയല്ല, മറിച്ച് ബ്ളോഗന്‍മാരിലൂടെയാണെന്നതുറപ്പ്. പിന്നെ, പ്രശസ്തി നേടാനാണു ബ്ളോഗുന്നതെന്ന ബെര്‍ളിയുടെ അഭിപ്രായത്തെപ്പറ്റി: വക്കാരിയും ദിവായുമെല്ലാം എഴുത്ത് സീരിയസ്സായെടുത്ത് പ്രശസ്തി നേടാന്‍ തുനിഞ്ഞാല്‍ പല അണ്ണന്‍മാരുടെയും പണി പടിയ്ക്കു പുറത്താകും. പിന്‍ കുറിപ്പ്: ‘പത്രത്തിലെഴുതുകയോ, ഹേയ്, ഞാനാ ടൈപ്പല്ല (എനിക്ക് വേറെ പണിയുണ്ട്)’ എന്ന വക്കാരിയുടെ മനോഹരമായ ധിക്കാരം ബെറ്‍ളിയെപ്പോലൊരാള്‍ എങ്ങനെ സഹിയ്ക്കും?
ബെര്‍ളിത്തരങ്ങള്‍ ബ്ലോഗുകളിലേക്കും!
എന്തായാലും ആശാന്‍ ഇംഗ്ലീഷിലാ ബ്ലോഗുന്നത്!
ഈ കമന്റ് ഈ ബ്ലൊഗില്‍ വേണ്ടെങ്കില്‍ ഡിലീറ്റിയേരെ കേട്ടോ്
http://berlythomas.blogspot.com/
http://berlythomas.tripod.com/
there are some facts.
we can see the reflections of pseudo malayalee conciousness in most of malayalam blogs. but we cant generalise all of them.
manjith might know what manorama need to publish for their readers. a reporter is a factory worker for them to produce material as per their interest. that’s y they are going into the bathroom sketches.
so it should be the sincere protest agaist ‘manorama journalism’.
-riz
mashithand@yahoo.co.in
നന്ദി ! ക്രിയാത്മകമായ വിമര്ശനം എന്നതിനപ്പുറത്തേക്ക് പോയെങ്കിലും….
മഞ്ജിത് തന്ന പട്ടം തന്നെ എന്റെ ബ്ളോഗിനു നല്കുന്നു.
എന്റെ പേര് തല്ക്കാലം മാറ്റാന് നിവൃത്തിയില്ല.
എന്നെ വിമര്ശിക്കുന്പോള് ദയവായി അത് സ്ഥാപനത്തിലേക്ക് നീങ്ങാതിരിക്കാന് ശ്രദ്ധിച്ചാല് നന്നായിരുന്നു. സ്ഥാപനത്തിന്റെ പേര് ഞാന് എവിടെയും ഉപയോഗിച്ചിട്ടില്ല.
അപേക്ഷയായി കണ്ടാല് മതി.