‘ഓര്‍മ്മ’ വിഭാഗത്തിന്റെ ശേഖരം
പാട്ടിന്റെ വഴികള്‍
പാട്ട് എനിക്ക് പലരിലേക്കുമുള്ള താക്കോലായിരുന്നു; പലതിലേക്കുമുള്ള പടിയും. നാലാം ക്ലാസില്‍ പഠിക്കുന്ന എന്നെ “ആയിരം കണ്ണുമായ്…” എന്ന പാട്ട് പാടിപ്പഠിപ്പിച്ച് സ്കൂള്‍ വാര്‍ഷിക വേദിയിലേക്ക് പറഞ്ഞയക്കുമ്പോള്‍ എന്റെ അക്കന്റെ(മൂത്ത സഹോദരി) കണ്ണൂകളില്‍ വല്ലാത്തൊരാനന്ദം ഞാന്‍ കണ്ടിരുന്നു. മറ്റുള്ളവരിലേക്കെത്താന്‍ കുഞ്ഞനുജന് ഒരുപായം നല്‍കിയ സന്തോഷമായിരുന്നോ അത് ?അറിയില്ല. അന്ന് എനിക്കൊന്നിനേക്കുറിച്ചും വല്യ നിശ്ചയമില്ലായിരുന്നു.
താളത്തിനൊത്ത് മേനിമുഴുവന്‍ ആട്ടി പാട്ടുപാടിത്തീര്‍ത്തനേരം കൂട്ടുകാര്‍ ഒന്നടങ്കം കയ്യടിച്ചപ്പോഴും എനിക്കൊന്നും മനസിലായില്ല. പക്ഷേ, സദാ ഗൌരവക്കാരിയായ(അതെ, അവര്‍ ചിരിച്ചു ഞാന്‍ കണ്ടിട്ടേയില്ല) കുഞ്ഞൂഞ്ഞമ്മടീച്ചര്‍ വാത്സ്യല്യത്തോടെ ആശ്ലേഷിച്ചപ്പോള്‍ എനിക്കു തോന്നി, ഏതൊക്കെയോ വാതിലുകള്‍ തുറക്കപ്പെടുന്നുണ്ട്.
അരിപൊടിക്കാനുള്ള മില്ലിലേക്കു പോകണമെങ്കില്‍ കുഞ്ഞൂഞ്ഞമ്മ ടീച്ചറുടെ പൂമുഖം കടക്കണമായിരുന്നു. സ്ക്കൂള്‍ മാറി വല്യക്ലാസുകളുടെ കനംവന്നകാലത്തും ആ ഗൌരവക്കാരി ടീച്ചറെ പലപ്പോഴും കാണേണ്ടിവന്നു. എന്റെ നിഴല്‍ റോഡില്‍ കാണുമ്പോ വാതില്‍ത്തുറന്ന് ഇറങ്ങിവന്ന് പലപ്പോഴും അവരാ ചോദ്യം ആവര്‍ത്തിച്ചിരുന്നു.
“നീ ഇപ്പോഴും പാട്ടുപഠിക്കുന്നുണ്ടോ?”
ഇല്ല; അപ്പോഴെന്നല്ല, ഒരിക്കലും ഞാന്‍ പാട്ടു പഠിച്ചിട്ടില്ല.
എന്നോടൊപ്പം എന്റെ പാട്ടും വളരുന്നുണ്ടായിരുന്നിരിക്കാം. ആഴ്ചയിലൊരിക്കല്‍, ബുധനാഴ്ച അവസാനത്തെ പീരിയഡ് പാട്ടു പഠിക്കാനുള്ളതായിരുന്നു. ഞങ്ങളില്‍ച്ചിലരെ പാട്ടു പാടിക്കാന്‍ ഏല്പിച്ചിട്ട് സംഗീത ടീച്ചര്‍ തൊട്ടപ്പുറത്തെ ഡ്രോയിംഗ് മാഷുമായി എന്തൊക്കെയോ പറഞ്ഞിരുന്നിരുന്നനേരവും ഞാന്‍ പാടി; മനസു നിറഞ്ഞ്. സംഗീത ടീച്ചറിന്റെ മനസുതുറക്കാനുള്ള താക്കോല്‍ മാത്രം എന്റെ പാട്ടുകളിലില്ലായിരുന്നു.
പാട്ടിനൊപ്പം ഞാനും വളരുന്നുണ്ടായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്തെ ഒരു പ്രഭാതം. ഗ്രാമവാസി ബേബിച്ചന്‍ വീട്ടിലേക്കു വരുന്നു. അത്തവണത്തെ പള്ളിപ്പെരുന്നാള്‍ ഏറ്റുകഴിക്കുന്നതു കക്ഷിയാ. എന്തെങ്കിലും പണിയേല്‍പ്പിക്കാന്‍ വരുന്നതായിരിക്കും. ഞാന്‍ വിചാരിച്ചു. അതെ ബേബിച്ചന്‍ പണിയേല്പിച്ചു. അങ്ങോര്‍ക്കഴിക്കുന്ന പെരുന്നാള്‍ കുര്‍ബാനയ്ക്ക് ഞാന്‍ പാടണം. പള്ളിയിലെ പലപണികളും അറിയാമായിരുന്നെങ്കിലും വല്യവര്‍ക്കായി മാറ്റിവച്ച ഈ പണി എന്നിക്കു തന്നതിന്റെ പൊരുള്‍ പിടികിട്ടിയിരുന്നില്ല. എങ്കിലും ഞാന്‍ പാടി. അങ്ങനെ പള്ളിപ്പാട്ടുകാരനുമായി. പാട്ടും കുര്‍ബാനയുമൊക്കെ കഴിഞ്ഞ് വീട്ടിലേക്കു പോകാന്‍ തുടങ്ങവേ ബേബിച്ചന്‍ വീണ്ടുമെത്തി. ഒരു വെള്ളക്കവര്‍ എന്റെ പോക്കലിട്ടു. എല്ലാവരും പോയശേഷം ഞാനാ കവര്‍ തുറന്നു നോക്കി. അഞ്ച് പുത്തന്‍ പത്തു രൂപാ നോട്ടുകള്‍ !! എന്റെ ആദ്യ പ്രതിഫലം.
പിന്നീട് വളര്‍ന്ന് അഞ്ചക്ക ശമ്പളം വരെ വാങ്ങിയെങ്കിലും ആ അമ്പതു രൂപാ തരുന്ന ഓര്‍മ്മകളുടെ മധുരം ഞാനെങ്ങനെ മറക്കും?. പാട്ട് ഒരു വരുമാനമാര്‍ഗ്ഗവുമാണെന്ന് ആ പെരുന്നാള്‍ ദിനത്തില്‍ ബേബിച്ചനാണെനിക്കു പറഞ്ഞുതന്നത്. കോളജു പഠനകാലത്ത് പുസ്തകങ്ങള്‍ വാങ്ങിവായിക്കാന്‍ ഒരെളുപ്പവഴിയായിരുന്നു പാട്ടിന്റെ പ്രതിഫലം. ബേബിച്ചനു നന്ദി.
പാട്ടിനൊപ്പം ഞാന്‍ ക്ലാസുകളും ചവിട്ടിക്കയറി. എന്റെ സ്വരം ഒരു താക്കോലാണെന്ന് ഏറെക്കുറെ എനിക്കു ബോധ്യമായിരുന്നു. പത്താം തരം ട്യൂഷന്‍ ക്ലാസില്‍ മഴ പെയ്ത് ഇരുള്‍നിറയുമ്പോള്‍ നേരം കളയാനായി സോമന്‍ സാര്‍ എന്നെ വിളിക്കും. “ഒരു പാട്ടു പാടെടാ.” മഴയുടെ താളത്തിനൊപ്പം “ആയിരം പാദസരവും“ പാടി ഒരിക്കല്‍ ട്യൂഷന്‍ ക്ലാസില്‍നിന്നിറങ്ങുമ്പോള്‍ സോണിയ കുടചൂടി എന്റെ അരികില്‍ വന്നു പറഞ്ഞു. “പാട്ടെനിക്കിഷ്ടമായി കേട്ടോ“. കൂട്ടുകാര്‍ പലരും ലൈനടിക്കാന്‍ തിരഞ്ഞുവച്ച സുന്ദരിയായിരുന്നു സോണിയ. പ്രത്യേകിച്ചും എന്റെ കൂട്ടുകാരന്‍ അനിലിന്റെ സ്വപ്നങ്ങളിലെ കൊച്ചുകാമുകി. ആ മഴപ്പാട്ടിനുശേഷം അനില്‍ അധികമെന്നോടു മിണ്ടിയിട്ടില്ല. പാട്ട് ഒരു വാതില്‍ വെറുതെ തുറന്നതും മറ്റൊരെണ്ണം ഊക്കോടെ അടച്ചതും അന്നു ഞാന്‍ അറിഞ്ഞിരുന്നു.
കോളജുകാലത്ത് പാട്ടായിരുന്നു ഏക ആശ്വാസം. എനിക്കും കൂട്ടുകാര്‍ക്കും. അഞ്ചുപേര്‍ മാത്രമുള്ളതിനാല്‍ മിക്കപ്പോഴും ഇംഗ്ലീഷുക്ലാസു ഫ്രീ. പാട്ടുപാടി സോറപറഞ്ഞങ്ങനെ ഞങ്ങള്‍ ഷേക്സ്പിയറെയും കീറ്റ്സിനെയുമൊക്കെ കൊട്ടയില്‍ത്തള്ളി. അങ്ങനെയൊരിക്കല്‍ നട്ടുച്ചനേരത്തെ ശാന്തതയില്‍ ഞങ്ങളിരിക്കുമ്പോള്‍ തൊട്ടപ്പുറത്തുള്ള പി.ജി. ക്ലാസിലെ പെണ്‍കുട്ടികളിലാരോ “ഉയിരേ..ഉയിരേ..’’ പാടുന്നു. പുരുഷസ്വരം പൂരിപ്പിക്കേണ്ട ഭാഗമൊക്കെ ഞാന്‍ വെറുതെ ഇപ്പുറത്തിരുന്നു പാടി. ആരുമതു ശ്രദ്ധിക്കുമെന്നു കരുതിയില്ല. ഭിത്തികള്‍ മറയാക്കി ആ യുഗ്മഗാനം പൂര്‍ത്തിയായപ്പോള്‍, അതാ വരുന്നു മെലിഞ്ഞ് ഗോതമ്പിന്റെ നിറമുള്ള രശ്മി ഞങ്ങളുടെ ക്ലാസിലേക്ക്. സ്വപ്ന ദേവത മുന്നില്‍ വന്നകണക്കേ കൂട്ടുകാരൊക്കെ എഴുന്നേറ്റു നില്‍ക്കുമ്പോള്‍ അവള്‍ ഓടിവന്നെനിക്ക് കൈകള്‍ തന്നു. മെല്ലെയൊന്നു ചിരിച്ച് അവള്‍ പോയതും കൂട്ടുകാരന്‍ സിയാദ് എന്റെ കൈകളില്‍ മുത്തമിട്ടു. ഒരു വാതില്‍ക്കൂടി തുറന്നു എന്നല്ലാതെ എനിക്കൊന്നും തോന്നിയിരുന്നില്ല. പ്രേമത്തിന്റെ സാധ്യതകള്‍ അന്നെനിക്കന്ന്യവുമായിരുന്നു.
കൂട്ടുകാര്‍ക്കിടയില്‍ എന്റെ പാട്ടിനെ ഒതുക്കാനായിരുന്നു ഇഷ്ടം. പക്ഷേ അവരെന്നെ കോളജ് ഗാനമേള വേദിയിലേക്കു തള്ളിവിട്ടു. അവിടെ ഗായകരുടെ ബഹളം. ഒടുവില്‍ ആസ്ഥാന ഗായകര്‍ എനിക്കൊരു പാട്ടു തന്നു. ഗാനമേളയല്ലേ, ഈശ്വര ചിന്തയോടെ തുടങ്ങണമല്ലോ. അങ്ങനെ എസ് ബി കോളജിലെ കാവുകാട്ടുഹാളില്‍ ഞാന്‍ സ്വര്‍ഗ്ഗസ്ഥനാം പിതാവേ പാടി. നാലാം ക്ലാസില്‍ ആടിയാടിപ്പാടിയ ഞാന്‍ ഏറെ വളര്‍ന്നതായി അന്നെനിക്കു തോന്നി. ആ പാട്ട് കുറെയേറെ വാതിലുകള്‍ തുറന്നു. അതിലേറെ സൌഹൃദങ്ങളും.
കോളജ് ജീവിതം ഇന്റര്‍കോളജീയമായ കാലം. പല സംഘടനകളുടെ പേരില്‍ നാട്ടിലുള്ള കോളജുകളിലൊക്കെ കയറി ഇറങ്ങലായിരുന്നു പ്രധാന വിനോദം. കുറവിലങ്ങാട് ദേവമാതാ കോളജില്‍ നടന്ന അത്തരമൊരു ക്യാമ്പ്. ഇടയ്ക്കെപ്പോഴോ ചിലരെന്നെ ഒരു പാട്ടു പാടാന്‍ നിര്‍ബന്ധിച്ചു. വേദിയില്‍ നിന്ന് ആമ്പല്‍ പൂവേ..പാടുന്നതിനിടയില്‍ ജീവിതത്തിലാദ്യമായി ഒരു പെണ്‍കുട്ടിയുടെ കണ്ണുകളിലേക്ക് ഞാന്‍ കൌതുകത്തോടെ നോക്കി(ഇല്ല, ആ കൌതുകത്തില്‍ പ്രേമമില്ലായിരുന്നു). ആമ്പല്‍ പൂവും കുറെയേറെ വാതിലുകള്‍ തുറന്നു; കുറെയേറെപ്പേര്‍ അഭിനന്ദനവും നല്ല വാക്കുകളുമായി ചുറ്റും കൂടിയപ്പോഴും ആ പെണ്‍കുട്ടി മാറി നിന്നത് ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല. പാട്ടുകള്‍ക്കു തുറക്കാനാവാത്ത വാതിലുകളുമുണ്ടെന്ന് അന്നു ഞാന്‍ മനസില്‍ കുറിച്ചിട്ടു. ആ പെണ്‍കുട്ടി പിന്നിടു പക്ഷേ, എന്റെ സുഹൃത്തും വഴികാട്ടിയും പ്രണയിനിയും ജീവിത സഖിയുമൊക്കെയായി എന്നതു വേറേ കാര്യം.
ജേണലിസം പഠനകാലത്താണ് പാട്ടിന്റെ ശരിയായ നേര് ഞാന്‍ തിരിച്ചറിഞ്ഞത്. പാട്ടിന്റെ പര്യായം പേരിലാക്കിയ ഒരുവളെച്ചൊല്ലി അകാരണമായ ചില സങ്കടങ്ങള്‍ ആനാളുകളില്‍ എന്നെ പിന്തുടര്‍ന്നു. മറ്റുള്ളവരുടെ പാട്ടുകേള്‍ക്കുന്നതിലെ സുഖം അക്കാലത്ത് ഞാനറിഞ്ഞു. ഉള്ളിന്റെ ഉള്ളില്‍ വേദനകള്‍ നിറഞ്ഞ നേരത്ത് ‘’പാടാനോര്‍ത്തൊരു മധുരിത ഗാനം പാടി ഷഫീക്കും ഹിമശൈല സൈകതം പാടി രേഖയും(കഥാകൃത്ത് കെ.രേഖ) അങ്ങനെ മറ്റു പലരും, എന്റെ സംഗീതത്തെ എന്നിലേക്കുതന്നെ തിരിച്ചൊഴുക്കുകയായിരുന്നു.
പാട്ട് അങ്ങനെ എന്റെ ഉള്ളിന്റെ ഉള്ളു തുറക്കാനുള്ള താക്കോല്‍ മാത്രമായി. ഏകാന്തമായ ജീവിത നിമിഷങ്ങളില്‍ എന്നിലെ എന്നെയുണര്‍ത്തുന്ന ആ സംഗീതം മറ്റൊരു വാതിലും തുറക്കാന്‍ ശ്രമിച്ചിട്ടില്ല. മറ്റുള്ളവര്‍ക്കുവേണ്ടി പാടുന്നതു ഞാന്‍ നിര്‍ത്തി.
ഇന്നിപ്പോ, ഉള്ളിലേക്കൊന്നിറങ്ങാന്‍ ഇലക്ട്രോണിക് ഓര്‍ഗന്റെ കീകളില്‍ വിരലമര്‍ത്തി മെല്ലെപ്പാടുമ്പോള്‍ ഞാന്‍ കാണുന്നുണ്ട്; എന്റെ കുഞ്ഞുമോള്‍ ആ പാട്ടിനൊപ്പം താളം ചവിട്ടുന്നത്. എന്റെ ഉള്ളുരുക്കങ്ങളുടെ സംഗീതം അവളറിയുന്നുവോ?
അതെ, പാട്ടെനിക്കിപ്പോള്‍ താക്കോലല്ല; യാത്രയാണ്. എന്റെ പൊന്നോമന മകള്‍ക്കൊപ്പം ഒരു തീര്‍ത്ഥയാത്ര.
മൂന്നു സഹോദരിമാരും എന്റെ ജീവിതവും
മാധവി, ലക്ഷ്മി, ദേവകി. ഒരേ തണ്ടില്‍ വിരിഞ്ഞ മൂന്നു പൂക്കള്‍. ആഴ്വഞ്ചേരി തമ്പ്രാക്കളുടെ മനയില്‍ നിന്നാണ് ഞാനീ പൂക്കളുടെ അടുത്തേക്കെത്തിപ്പെട്ടത്. ആതവനാട്ടെ ക്ഷേത്രത്തില്‍ ഉത്സവകാലം. തമ്പ്രാക്കള്‍ അതിന്റെ മേനി പറഞ്ഞു തരികയാണെനിക്ക്.
തമ്പ്രാക്കള്‍ അമ്പലത്തില്‍ പോകില്ല പോലും. എന്താ കാര്യം?. ബഹുമാനം കാരണം ദേവി എഴുന്നേറ്റു നില്‍ക്കുമത്രേ. എതായാലും അലസതയില്‍ കുരുത്ത ബ്രാഹ്മണ പൌരോഹിത്യത്തിന്റെ മുഷിഞ്ഞ ചുറ്റുവട്ടങ്ങളില്‍ നിന്നും ഒന്നു പുറത്തു കടക്കാനാശിച്ച നേരത്താണു പ്രാദേശികന്‍ രമേശ് വന്നത്.
“സാറേ ഒരുഗ്രന്‍ സ്റ്റോറി”
തൊട്ടടുത്ത് മൂന്നു കുഷ്ടരോഗികളുണ്ടത്രേ.
കുഷ്ടരോഗികളോ? ഇക്കാലത്തോ?.
ഒരു സംശയമുന്നയിച്ചാണു രമേശിനെ നേരിട്ടത്. എന്തായാലും തമ്പ്രാക്കളുടെ ഗീര്‍വാണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു വഴിയായല്ലോ.
പൂക്കളുടെയടുത്തേക്ക് ഇടവഴിയിലൂടെ നടക്കുമ്പോള്‍ മഴ പൊടിഞ്ഞു. ആ ചെറുകുടിലിനടുത്തെത്തിയപ്പോള്‍ പേമാരി കനത്തു. കുടയില്ല കയ്യില്‍. ഒന്നു തൊട്ടാല്‍ വീഴാന്‍പാകത്തില്‍ നില്‍ക്കുന്ന ആ ഓലക്കുടിലിനു മുന്നില്‍ ഞങ്ങളെത്തി. തൊട്ടടുത്തുള്ളതൊക്കെ മണിമന്ദിരങ്ങള്‍. അതിനു നടുവിലാണ് മൂന്നു സഹോദരങ്ങളുടെ ജീവിതം ഉരുകിത്തീരുന്നത്.
ഞങ്ങളെക്കണ്ട് മൂന്നുപേരും ഇറങ്ങി വന്നു. മാധവിയും ലക്ഷ്മിയും പിന്നെ ദേവകിയും. അനാഥത്വത്തിന്റെ നോവ് കുഞ്ഞുനാളിലേ ചുമക്കേണ്ടി വന്ന സഹോദരിമാര്‍. വളര്‍ച്ചയ്ക്കിടയില്‍ ശരീരത്തെ കാര്‍ന്നുതിന്നുന്ന രോഗം മൂവരെയും കീഴടക്കി. അവയവങ്ങള്‍ ഓരോന്നായ് എരിഞ്ഞു തീരുന്നു. ദുരിതങ്ങളുടെ ഈ കൊച്ചുകുടിലില്‍ ഇവരെങ്ങനെ കഴിയുന്നു എന്നായിരുന്നു എന്റെ ചിന്ത. ചെന്നെത്താനൊരു വഴിയില്ല, തിരിഞ്ഞു നോക്കാന്‍ ആളില്ല. ഇരുട്ടില്‍ പരസ്പരം കണ്ടിരിക്കാന്‍ വൈദ്യുതി വെളിച്ചമില്ല. ഉരുകിത്തീരുന്ന കൈവിരലുകള്‍ക്ക് ഒരു മെഴുകുതിരി തെളിക്കാന്‍ പോലുമുള്ള ത്രാണിയില്ല.
തമ്പ്രാക്കളെ കാണുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്ന ദേവി ഈ പാവങ്ങളുടെ വേദന കണ്ടിട്ടും ഒന്നനങ്ങുന്നുപോലുമില്ലല്ലോ. എന്നില്‍ ദുഖം ഇരച്ചുകയറി.
കുടിലിന്റെ ഓരം പറ്റിനിന്ന് മൂന്നു സഹോദരിമാരുടെ ജീവിതം ചോദിച്ചു മനസിലാക്കുമ്പോഴാണ് മഴ പിന്നെയും കനത്തത്. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കുരയില്‍ നിന്നും എന്റെ തലയിലേക്ക് വെള്ളം ഒഴുകിയെത്തില്ലെങ്കിലേ അല്‍ഭുതമുള്ളൂ.
നനഞ്ഞു വാര്‍ന്ന എന്നെ നോക്കി ആ സഹോദരിമാരുടെ കണ്ണു നിറയുന്നതു ഞാന്‍ കണ്ടു. പെട്ടെന്നാണ് അതിലൊരാള്‍ ഒരു തുണിയുമായി എന്റെയടുത്തെത്തിയത്. വ്രണിതമായ തന്റെ കൈകള്‍ക്കൊണ്ട് മാധവി എന്നു പേരുള്ള സ്ത്രീ എന്നെ മാറോടുചേര്‍ത്തു.
“കുഞ്ഞേ ഇങ്ങനെ മഴ നനഞ്ഞാല്‍ പനിവരൂല്ലേ?”
വിണ്ടുകീറിയ കൈവിരലുകള്‍ക്കിടയില്‍ എങ്ങനെയോ തുണിയും പിടിച്ച് അവരെന്നെ തോര്‍ത്തുകയാണ്, നെഞ്ചോടു ചേര്‍ത്തു നിര്‍ത്തി.
ഒരു നിമിഷം ഞാനറിഞ്ഞു. എരിഞ്ഞു തീരുന്ന അവരുടെ ശരീരത്തിനുള്ളിലും കൊതിതീരാതെ വിങ്ങുന്ന മാതൃത്വത്തിന്റെ തേങ്ങല്‍. അമ്മയുടെ ലാളനയും പ്രണയിനിയുടെ തലോടലും മാത്രം കൊതിച്ചിരുന്ന ഞാന്‍ ആ പാവം സ്ത്രീയുടെ ലാളനയ്ക്കു മുന്നില്‍ ഒലിച്ചില്ലാതായി.
മൂന്നു സഹോദരിമാരുടെ ദുരിതജീവിതം ഒപ്പിയെടുത്തു തിരികെ നടക്കുമ്പോള്‍ ഒരു കിടിലന്‍ സ്റ്റോറിയടിക്കാനുള്ള ആവേശമെന്നിലെത്തിയില്ല. ഉരുകിത്തീരുമ്പോഴും മനസില്‍ സ്നേഹവും കരുണയും കളയാതെ കാക്കുന്ന ആ സഹോദരിമാര്‍ എന്റെ ചിന്തകള്‍ എവിടെയൊക്കെയോ കൊണ്ടുപോയി.
ആരും തിരിഞ്ഞുനോക്കാത്ത ആ മനുഷ്യ ജന്മങ്ങള്‍ എന്നെ അസ്വസ്ഥനാക്കി. ഒരു നിമിഷം ഫാദര്‍ ഡാമിയന്റെ ജീവിതചിത്രവും എന്റെ മുന്നില്‍ത്തെളിഞ്ഞു. അതുപോലെ, ജീവിതം അഴിഞ്ഞു തീര്‍ക്കുന്ന പാവങ്ങക്കു തുണയേകാന്‍ ആവശ്യപ്പെടുന്ന ഒരു ജീവിതാന്തസ് തിരഞ്ഞെടുത്ത് ഞാനും കുറെ നടന്നതാണ്. നല്ലമനുഷ്യനാകാനാവില്ല എന്ന ന്യായം പറഞ്ഞ് ആ വഴി വിട്ടുപോന്നതില്‍ ആദ്യമായി എനിക്കു നഷ്ടബോധം തോന്നി. ഈ സഹോദരിമാരെ ആ തീരുമാനത്തിന് അല്പം മുമ്പെങ്കിലും കണ്ടിരുന്നെങ്കില്‍. എന്റെ മുട്ടുന്യായങ്ങളുടെ ചെളിവെള്ളം ഇവരിലാരെങ്കിലും ഒന്നു തോര്‍ത്തിയുണക്കിയിരുന്നെങ്കില്‍…
ഓഫിസില്‍ തിരികെയെത്തിയ എനിക്ക് ഒന്നും എഴുതാന്‍ തോന്നിയില്ല. രമേശ് എഴുതിയ കോപ്പിയില്‍ ചില തിരുത്തലുകള്‍ മാത്രം വരുത്തി, പിന്നെ ഒരു തലക്കെട്ടുമിട്ടു. എന്നെക്കൊണ്ട് അത്രയേ ആകുമായിരുന്നുള്ളൂ. എന്റെ മനസിലപ്പോള്‍ ഒന്നാം പേജില്‍ എത്തിയേക്കാവുന്ന സ്റ്റോറിയേക്കാള്‍ ആ സ്ത്രീയില്‍ നിന്നും എന്നിലേക്കൊഴുകിയെത്തിയ സ്നേഹത്തിന്റെ കണികകളായിരുന്നു നിറഞ്ഞു നിന്നിരുന്നത്.
ഫോണെടുത്ത് ഹെഡാപ്പീസിലേക്ക് വാര്‍ത്ത ഷെഡ്യൂള്‍ ചെയ്തു. ഒക്കുമെങ്കില്‍ ഒന്നാം പേജില്‍ വരുത്തണമേയെന്നൊരപേക്ഷയും വച്ചു. കുഷ്ടരോഗികള്‍ ഉണ്ടെന്നൊക്കെ ഒന്നാം പേജില്‍ കൊടുത്താല്‍ ആള്‍ക്കാര്‍ പ്രശ്നമുണ്ടാക്കില്ലേ എന്ന കുഷ്ടം നിറഞ്ഞ മറുചോദ്യമാണു മൂത്ത പത്രാധിപര്‍ തൊടുത്തത്. ഞാനും ഉള്‍പ്പെട്ട ഒരു കദനകഥ ഒന്നാം പേജില്‍ അടിച്ചുവരുന്ന സന്തോഷത്തേക്കാള്‍ അതുകണ്ട് ആ പാവങ്ങളെ ആരെങ്കിലും തേടിയെത്തുമല്ലോ എന്ന ചിന്തയായിരുന്നു എന്റെ മനസില്‍. പക്ഷേ ആ പാവങ്ങള്‍ക്കു ഭാഗ്യമില്ലായിരുന്നു.
ഒടുവില്‍ ഏറെ പണിപ്പെട്ട്, മലപ്പുറം എഡിഷനില്‍ മാത്രം ഒന്നാം പേജില്‍ അതടിച്ചുവന്നു. കുറേ പേരുമോഹികള്‍ അല്ല ചില്ലറ സഹായമൊക്കെ അവര്‍ക്കു ചെയ്തു. ഇത്രയുംനാള്‍ അടുത്തു കിടന്നിട്ടും തിരിഞ്ഞു നോക്കാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
ഏതായാലും ഞാന്‍ കൊതിച്ചിരുന്ന സഹായഹസ്തം ഒടുവിലവരെ തേടിയെത്തി. മലപ്പുറം മനോരമയില്‍ ഈ വാര്‍ത്ത കണ്ട ആനന്ദവികടന്‍ എന്ന തമിഴ് വാരികയുടെ ലേഖകന്‍ അതു പുനപ്രസിദ്ധീകരിച്ചു. എന്നു മാത്രമല്ല അതെടുത്ത് രാഷ്ട്രപതി അബ്ദുല്‍ കലാമിന് അയച്ചുകൊടുക്കുകയും ചെയ്തു. കനിവിന്റെ കരങ്ങള്‍ ഒടുവില്‍ പ്രഥമ പൌരന്‍ തന്നെ നീട്ടി. രാഷ്ട്രപതിയൊക്കെ ഇടപെട്ടപ്പോള്‍ കുഷ്ടരോഗികളായ സഹോദരിമാരെ ഒന്നാം പേജില്‍ കയറ്റാന്‍ പത്രാധിപമൂപ്പനു മടിയൊന്നുമുണ്ടായില്ല.
ഏതാനും മാസങ്ങള്‍ക്കുശേഷം മലപ്പുറത്തു നിന്നും സ്ഥലമാറ്റം ലഭിച്ചപ്പോള്‍ ആരുമറിയാതെ വീണ്ടും ഞാന്‍ ആ സഹോദരിമാരെ തേടിപ്പോയി. സ്റ്റോറി ചെയ്യാനായിരുന്നില്ല ആ യാത്ര. എന്റെ ഉള്‍ക്കണ്ണിലല്‍പ്പം വെളിച്ചമേകിയ ആ സഹോദരിമാരെ ഒന്നുകൂടെ കണ്ടുമടങ്ങാന്‍. ഞാന്‍ എത്തുമ്പോഴേക്കും എന്നില്‍ സ്നേഹം അരിച്ചിറക്കിയ മാധവി ഈ ലോകത്തോടു യാത്ര പറഞ്ഞിരുന്നു. പിന്നെ കുറേ മാസങ്ങള്‍ക്കു ശേഷം ലക്ഷ്മിയും.
ഇപ്പോള്‍ ഇതെഴുതുമ്പോള്‍ അവരില്‍ അവസാനത്തെയാളെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവുമോ. ആരറിയുന്നു.
മാധവി, ലക്ഷ്മി, ദേവകി. ഒരു തണ്ടില്‍ വിരിഞ്ഞ്, ഒരേ കുടിലിരുന്നു വേദനയുടെ വേദപുസ്തകം വായിച്ചുതീര്‍ത്ത നിങ്ങള്‍ക്കായി ഈ കുറിപ്പു സമര്‍പ്പിക്കട്ടെ.
മുടി
സ്വതേ ശാന്തഗതിക്കാരനായ അച്ഛന്‍ കോപാകുലനാകുന്നതു വല്ലപ്പോഴുമേ കണ്ടിട്ടുള്ളു. മിക്കപ്പോഴും അതു മുടിയെച്ചൊല്ലിയാവും.
ഭക്ഷണത്തിനിരിക്കുമ്പോള്‍ ചോറിലോ കറിയിലോ തലമുടിനാരു കണ്ടാല്‍ പിന്നെയൊരു പൊട്ടിത്തെറിക്കലാണ്. മുടി എടുത്തുയര്‍ത്തി, ഇനി കഴിക്കില്ലാ എന്ന പ്രഖ്യാപനത്തില്‍ അവസാനിക്കും ആ രോഷപ്രകടനം.
ഞങ്ങള്‍ മക്കള്‍ ആറുപേരില്‍ ചിലര്‍ ആ ബഹിഷ്കരണത്തില്‍ പങ്കാളിയാവുകയും ചെയ്യും. എന്തായാലും മുടികണ്ടതിന്റെ പേരില്‍ ഞാന്‍ ഒരിക്കലും അച്ഛന്റെ ബഹിഷ്ക്കരണ പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. എന്നുമാത്രമല്ല, പലപ്പോഴും അമ്മയ്ക്കുവേണ്ടി വാദിച്ചിരുന്നതും ഞാനാണ്.
ആഹാരം പാകം ചെയ്യുന്ന സ്ത്രീകള്‍ അവരുടെ മുടി തെല്ലും വീഴാതെ എങ്ങനെ ഭക്ഷണം വിളമ്പുന്നു എന്നതായിരുന്നു ചെറുപ്പം മുതല്‍ എന്റെ കൌതുകം. അത്രമേല്‍ ശ്രദ്ധിച്ചുചെയ്യുന്ന പാചകവിധിക്കിടയില്‍ ആണ്ടിലൊരിക്കലെങ്ങാന്‍ ഒരു മുടിവീണാല്‍ അവരെ കുറ്റപ്പെടുത്തുന്നതെന്തിന്? ആ മുടി എടുത്തുകളഞ്ഞ് ആഹാരം കഴിച്ചുകൂടെ? ഇതൊക്കെയായിരുന്നു എന്റെ ന്യായങ്ങള്‍.
അമ്മയുടെ കാര്യത്തില്‍ മാത്രമല്ല, വീടിനു പുറത്തുള്ള മുടിബഹിഷ്കരണ വിവാദങ്ങളിലും എന്റെ അഭിപ്രായം ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ചിലരെന്നെ വൃത്തികെട്ടവന്‍ എന്നു വിളിക്കുന്നതു കേള്‍ക്കാനും മറ്റുചിലര്‍ ആ അര്‍ത്ഥം വച്ചു നോക്കുന്നതു കാണാനും കഴിഞ്ഞിട്ടുണ്ട്.
പിന്നീടൊരു മുടിവിരോധിയെക്കാണുന്നത് സാറാ ജോസഫിന്റെ “മുടിത്തെയ്യമുറയുന്നു”(അങ്ങനെതന്നല്ലേ?) എന്ന കഥയിലാണ്. ഭാര്യയുടെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മുടിയില്‍ അസ്വസ്ഥചിത്തനാകുന്ന ഭര്‍ത്താവാണ് അതിലെ കഥാപാത്രം. ആ കാര്‍കൂന്തല്‍ തന്റെ പുരുഷത്വത്തെ ചോദ്യംചെയ്യുന്നോ എന്ന സന്ദേഹമാണദ്ദേഹത്തിന്.
കഥ വായിച്ചശേഷം ഇനി അങ്ങനെ വല്ല സന്ദേഹങ്ങളുമുണ്ടോ ഈ മുടിവിരോധത്തിനു പിന്നിലെന്ന് അച്ഛനൊടു തമാശയ്ക്കു ചോദിച്ചിരുന്നു. അച്ഛന്‍ ഒന്നു ചിരിക്കുകമാത്രം ചെയ്തു. തന്റെ ചെയ്തികള്‍ എന്റെ ചിന്തകളില്‍ കൂടുകൂട്ടിയിരിക്കുന്നതു തിരിച്ചറിഞ്ഞുകൊണ്ടുള്ള ചിരിയായിരുന്നിരിക്കാം അത്.
വര്‍ഷങ്ങള്‍ക്കു ശേഷം പ്രശസ്തനായ ഒരു മനഃശാസ്ത്രജ്ഞനുമായുള്ള സല്ലാപത്തിനിടയില്‍ സാന്ദര്‍ഭികമായി അദ്ദേഹം ഈ വിഷയമെടുത്തിട്ടു.
അദ്ദേഹത്തിന്റെ നോട്ടത്തില്‍ ഭാര്യയുടെമേല്‍ അധികാരം സ്ഥാപിക്കാന്‍ പുരുഷന്‍ തേടുന്ന രണ്ടു മാര്‍ഗ്ഗങ്ങളുണ്ട്. ഒന്നു നമ്മുടെ മുടി തന്നെ. ചുറ്റുമുള്ള ജീവിതങ്ങള്‍ കാണുമ്പോള്‍ അതു ശരിയാണെന്നു ചിലപ്പോള്‍ തോന്നിയിട്ടുണ്ട്.
മുടിമുറിച്ചിട്ടു കല്യാണപ്പന്തലിലെത്തിയാല്‍ മതി എന്നു പ്രതിശ്രുത വധുവിനോടാജ്ഞാപിക്കുന്ന ഒട്ടേറെ സുഹൃത്തുക്കളെ ഇതിനിടയില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
മനഃശാസ്ത്രജ്ഞന്‍ ചൂണ്ടിക്കാട്ടിയ രണ്ടാമത്തെ അധികാര ചിഹ്നമാണെന്നെ ചിരിപ്പിച്ചതു്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കീഴ്‌ശ്വാസമാണ് രണ്ടാമത്തെ അധികാര ദണ്ഡ്! കേട്ടപ്പോള്‍ ഞാനേറെ ചിരിച്ചു. പക്ഷേ പിന്നീടുള്ള നിരീക്ഷണത്തില്‍, കീഴ്‌ശ്വാസത്തിലൂടെ ഭാര്യയ്ക്കുമേല്‍ അധികാരം സ്ഥാപിക്കുന്ന( ഇതും നീ സഹിച്ചുകൊള്ളണം എന്ന വ്യംഗാര്‍ത്ഥത്തില്‍) പുരുഷ കേസരികളെയും കണ്ടെത്താനായി.
കുറേക്കാലം മുന്‍പ് അമേരിക്കന്‍ പ്രസിഡന്റുമാരുടെ അരമന രഹസ്യങ്ങളിലേക്ക് എത്തിനോക്കുന്ന ഒരു പുസ്തകം വായിക്കാനിടയായി. അതില്‍ ഇങ്ങനെ കീഴ്‌ശ്വാസാധികാരം പ്രയോഗിക്കുന്ന ഒരു പ്രസിഡന്റിനെയും കാണാനൊത്തു. അമേരിക്ക കണ്ട ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റ് ലിന്‍ഡന്‍ ബി ജോണ്‍സനായിരുന്നു ഈ കീഴ്‌ശ്വാസ വിദഗ്ദ്ധന്‍. തന്റെ അനുചരന്മാരിലാരോടെങ്കിലും ദേഷ്യപ്പെടേണ്ടതുണ്ടെങ്കില്‍ തന്റെ കീഴ്‌ശ്വാസങ്ങള്‍ അവന്റെ മേല്‍ കെട്ടിവച്ചാണു ജോണ്‍സണ്‍ ദേഷ്യപ്പെടല്‍ നടത്തിയിരുന്നത്. ഓരോരോ അധികാര ചിഹ്നങ്ങളേ
മുടിയെപ്പറ്റി ഇപ്പോഴോര്‍ക്കാന്‍ കാരണമുണ്ട്. അതെന്റെ പൊന്നോമന മകളാണ്. മുടിക്കാര്യത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതുകൊണ്ടാവാം, അനുദിനം മുടികള്‍ പൊഴിഞ്ഞു കിളിര്‍ക്കുന്ന തലയാണെന്റേതു്. ഇക്കാര്യത്തില്‍ എന്നോടു മത്സരിക്കാന്‍ നല്ലപാതിയുമുണ്ട്. ആരാദ്യം മുടിപൊഴിക്കും എന്ന കാര്യത്തില്‍ ഞങ്ങളുടെ തലകള്‍തമ്മില്‍ തര്‍ക്കത്തിലാണെന്നു തോന്നുന്നു.
മുടികൊഴിച്ചിലുകാരായ ഞങ്ങളുടെ പൊന്നോമന മകളോ? മുടിവിരോധിയായ വല്യപ്പന്റെ ജീനുകള്‍ അപ്പാടെ അവളിലേക്ക് ആവേശിച്ചിരിക്കുകയാണെന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അവള്‍ ആദ്യം പഠിച്ച വാക്കുകളിലൊന്ന് “മുടി” എന്നതായിരുന്നു. ഇനി അപ്പനുമമ്മയ്ക്കും മലയാളം മനസിലായില്ലെങ്കിലോ എന്നു കരുതി “ഹെയറും” എളുപ്പത്തില്‍ പഠിച്ചു.
ഉറക്കമുണര്‍ന്നാല്പിന്നെ കക്ഷി മൈക്രോസ്കോപിക് കണ്ണുകളുമായി നടന്ന്, അപ്പനേയും അമ്മയേയും കൊഴിഞ്ഞു വീണുകിടക്കുന്ന മുടികള്‍ ചൂണ്ടിക്കാട്ടി വശംകെടുത്തും. കിടക്കയില്‍ത്തന്നെകാണും ഒരു ടണ്‍ മുടി. അതു മുഴുവന്‍ പെറുക്കിയെടുത്തുകളയാതെ അവിടെനിന്നിറങ്ങില്ല. വീടിന്റെ മുക്കിലും മൂലയിലുമുള്ള മുടിനാരുകള്‍ പെറുക്കിക്കളയുകതന്നെ അപ്പന്റെയും അമ്മയുടെയും പ്രധാനജോലി.
മുടിക്കാര്യത്തില്‍ എന്നെ എന്റെ അച്ഛന്റെ അച്ഛനാക്കുകയെങ്ങാനാണോ ഇനി അവളുടെ ലക്ഷ്യം? ആര്‍ക്കറിയാം? പിള്ളേര്‍ ദീര്‍ഘദര്‍ശികളാണല്ലോ.
കല്ലുവച്ച കഥ
നാലഞ്ചു വര്‍ഷമായി എല്ലാ റിപബ്ലിക് ദിനങ്ങളിലും എന്റെ അടിവയറ്റില്‍ നിന്നും ഒരു കല്ല് മുകളിലേക്കിരച്ചു കയറി തലച്ചോറിലെ ഉറങ്ങിക്കിടക്കുന്ന വേദനകളെ തട്ടിയുണര്‍ത്തും. സര്‍വ സാധാരണമായ വേദനകളിലൊന്നും തളരാത്ത ഈയുള്ളവന്റെ സകല കണ്ട്രോളും തകര്‍ത്ത ആ കല്ലിന് ഈ റിപബ്ലിക് ദിനത്തില്‍ അഞ്ചുവയസാകും.
ദീപിക ദിനപത്രത്തിന്റെ പാലാരിവട്ടത്തുള്ള ഓഫിസില്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്ന കാലം. ലോകമെമ്പാടുമുള്ള വിദേശമലയാളികളെ തലതകര്‍ക്കുന്ന വാര്‍ത്തകളറിയിക്കാന്‍ അക്കാലത്ത് വല്ലാത്തൊരുത്സാഹമായിരുന്നു.
പപ്പുവാ ന്യൂഗിനിയയില്‍ നിന്നുള്ള രമേശന്‍, പെറുവില്‍ നിന്നുള്ള മാത്യു സാമുവല്‍ എന്നിങ്ങനെ ചില ആഗോളമലയാളികളുമായുള്ള ബന്ധമാണ് ഈ പണിയുടെ സുഖമറിയിച്ചത്. ലോകത്തിന്റെ ഏതു കോണിലും മലയാളിയുണ്ടെന്നും അവരില്‍ പലരും തന്റെ തകര്‍പ്പന്‍ വാര്‍ത്തകള്‍ വായിക്കാറുണ്ടെന്നുമുള്ള തിരിച്ചറിവ് എന്നെ ആവേശം കൊള്ളിച്ചു. ഈ ആവേശം വീട്, നാട് തുടങ്ങിയ നൊവാള്‍ജിയന്‍ ചിന്തകളോടു വിടപറയാനും കാരണമായി എന്നു പറയേണ്ടതില്ലല്ലോ.
റിപബ്ലിക് ദിനത്തില്‍ ഭൂമിമലയാളത്തിലെ സകല പത്രക്കാരും പുട്ടടിച്ച് അതിവിശാലമായി കിടന്നുറങ്ങുമ്പോഴും കര്‍മ്മനിരതനായത് അതുകൊണ്ടാണ്.
തലേന്നു രാത്രി വാര്‍ത്തകള്‍ എല്ലാവര്‍ക്കും വയറു നിറയെ നല്‍കി പത്രമാപ്പീസിലെ ഡെസ്കില്‍ത്തന്നെ കിടന്നുറങ്ങിയ ഞാന്‍ ജനുവരി 26ന് ടെലിപ്രിന്ററിന്റെ നിലവിളികേട്ടാണ് ഞെട്ടിയുണര്‍ന്നത്.
റിപബ്ലിക് ദിനത്തില്‍ ഇത്ര വിശാലമായി ഇവന്‍ നിലവിളിക്കുന്നതെന്തായിരിക്കും?. ഓ ഏതെങ്കിലുമൊരുത്തന്‍ തലേന്നു രാത്രിതന്നെ കുത്തിക്കുറിച്ച റിപബ്ലിക് ദിന പരേഡിന്റെ ലൈവ് റിപ്പോര്‍ട്ടായിരിക്കും. അടിക്കട്ടെ, ഒന്നൂടെ കിടന്നുറങ്ങാം.
എന്നാലും അതു ലൈവായി വരാന്‍ സമയമായില്ലല്ലോ?. ഇനി വല്ല തീവ്രനും ഏതെങ്കിലു ബഡാപാര്‍ട്ടിയുടെ നെഞ്ചത്ത് നിറയൊഴിച്ചുകാണുമോ?. ഒന്നു നോക്കിക്കളയാം. ടെലിപ്രിന്ററിന്റെ നീണ്ട നാവ് കയ്യിലെടുത്തു.
‘ഗുജറാത്തില്‍ വന്‍ഭൂകമ്പം’
ദൈവമേ!!!
ക്ലോക്കില്‍ നോക്കി.
സമയം ഒന്‍പത്. നീണ്ട ഉറക്കം പണിപറ്റിച്ചോ. ഇല്ല, ചൂടാറിയിട്ടില്ല. സംഭവം നടന്നത് 8:49ന്.
ന്യൂസ് റൂമിലേക്കോടി. ആഗോളമലയാളികള്‍ക്കായി ഒരു വമ്പന്‍ ബ്രേക്ക് നല്‍കി. ഭൂകമ്പത്തിന്റെ ബാക്കി കുലുക്കങ്ങള്‍ക്കായി കാത്തിരിപ്പായി. വന്‍ഭുകമ്പമുണ്ടായിട്ടും നാശനഷ്ടം അധികമില്ലെന്നാണ് പി.റ്റി.ഐ. പറയുന്നത്. അതു ശരിയാകുമോ?
ഭൂമിയങ്ങനെ ശക്തമായി വായ് പിളര്‍ക്കുമ്പോ എത്രയേറെ കല്ലുകള്‍ തെറിച്ചുവീണിട്ടുണ്ടാവും. ആരെങ്കിലുമൊക്കെ മരിച്ചു കാണുമല്ലോ.
എന്നെപ്പോലെ ഓഫിസിലിരുന്നു ബ്രേക്കടിക്കുന്ന പി.റ്റി.ഐക്കാരെ അങ്ങനെയങ്ങു വിശ്വസിക്കാന്‍ പാടില്ലല്ലോയെന്നു മനസില്‍ കരുതി. അപ്പോഴുണ്ട് പപ്പുവക്കാരന്‍ രമേശന്റെ മെയില്‍.
“ഞാന്‍ നോക്കിയിരിക്കുവാരുന്നു. ബിബിസിയില്‍ കാണിക്കാന്‍ തുടങ്ങിയിട്ടു കുറേ നേരമായി”
ദൈവമേ.. ഇവനൊന്നും വേറെ പണിയില്ലേ ബിബിസിയും നോക്കിയിരിക്കാന്‍. പെട്ടെന്നാണ് ബിബിസി എന്ന കൊളുത്ത് വീണത്. ‘ടെലിവിഷം’ തുറന്നു. ഊഹം തെറ്റിയിട്ടില്ല. കല്ലുകള്‍, കെട്ടിടങ്ങള്‍ ഒക്കെ അട്ടിക്കു വീണുകിടക്കുന്നു. ബിബിസിയുടെ ലൈവ് ദൃശ്യം. എന്നിട്ടും മരണസംഖ്യ(വാര്‍ത്തയുടെ ഊഷ്മാവളക്കുന്ന മാന്ത്രിക സംഖ്യകള്‍) അവരും പറയുന്നില്ല.
മണി പത്തര. സഹായി പ്രദീപനെത്തി. ഓന്‍ വന്നല്ലോ. ഇനി സ്വന്തം മുറിയില്‍പ്പോയി ഒന്നു കുളിച്ചു മിനുങ്ങിവരാം.
എന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. പ്രദീപന്‍ വന്നതല്ല, പൊക്കോട്ടേന്നു ചോദിക്കാനിറങ്ങിയതാ. അവധിയായിട്ട് നീ വീട്ടില്‍ വരുന്നില്ലേയെന്നു അമ്മ സങ്കടത്തോടെ ചോദിച്ചത്രേ.
”ഉഗ്രനൊരു സംഭവമുണ്ട്, ഗുജറാത്തില്‍ ഭൂകമ്പം. ”
പത്രികാ കുമാരനെ പിടിച്ചു നിര്‍ത്താമെന്നു കരുതി ഒരു തോട്ടിയിട്ടു നോക്കി. അപ്പോ വരുന്നു മറുപടി.
”ഓ ഞാന്‍ കേട്ടായിരുന്നു. ആരും ചത്തിട്ടില്ലല്ലോ. ”
ഇവനോട് നിക്കാന്‍ പറഞ്ഞിട്ടുകാര്യമില്ല. ഏറ്റവുമൊടുവില്‍ക്കിട്ടിയ 15 എന്ന മരണ സംഖ്യ ‘നെറ്റില്‍’ ഒട്ടിച്ചിട്ട് ഞാന്‍ സഹായിക്കു നേരേ തിരിഞ്ഞു.
”പൊക്കോളൂ. പക്ഷേ, ഒരു അരമണിക്കൂറൂടെ ഇരിക്കണം ഞാനൊന്ന് റൂമില്‍പ്പോയി ഫ്രഷ് ആയിട്ടുവരാം”
”സാര്‍ താമസിക്കുമോ”
അവന്റെ സാര്‍ എന്ന വിളി അത്രയ്കു പിടിച്ചില്ല. എന്നാലും പറഞ്ഞു.
”ഏറിയാല്‍ ഒരു മണിക്കൂര്‍ അതിനപ്പുറം പോകില്ല. എന്നിട്ടും താമസിച്ചാല്‍ എന്നെയൊന്നു വിളിച്ചിട്ടു പോണം”
റുമിലേക്കു തിരിച്ചു. ഓഫിസില്‍ നിന്നും അരമണിക്കൂര്‍ യാത്രയേയുള്ളു മുറിയിലേക്ക്. എന്നാലും രാത്രികിടപ്പ് ഓഫിസില്‍ തന്നെ. ടെലിപ്രിന്ററീന്റ് താരാട്ടു കേട്ടുറങ്ങാന്‍ ഒരു പ്രത്യേക സുഖമാണെന്നാണ് അന്നെന്റെ മതം.
റൂമിലെത്തി കുളിക്കൊരുക്കമായി എണ്ണ തേച്ചു നിക്കുമ്പോഴുണ്ട് അടിവയറ്റില്‍ കൊളുത്തിപ്പിടിക്കുന്ന വേദന. ഓ വയറു വേദനയായിരിക്കും, സാരമില്ല. കുളിമുറിയിലേക്ക് നടക്കാനാഞ്ഞു.
ഇല്ല വേദന കനക്കുകയാണ്. കലും കയ്യുമൊക്കെ കൊളുത്തിപ്പിടിക്കുന്നു. എന്താ ഇങ്ങനെ?. ഇത്തരത്തിലൊന്ന് ആദ്യമായാണല്ലോ. വേദന കൂടുകയാണ്. ഒന്നു മൂത്രമൊഴിച്ചിട്ടുവരാം. ചെന്നു നിന്നതല്ലാതെ മൂത്രമൊന്നും വന്നില്ല. പക്ഷേ വേദന പെരുത്തു. കാലിന്റെ ബലം നഷ്ടപ്പെടുമ്പോലെ. ശരീരം നന്നായി വിയര്‍ക്കുന്നുമുണ്ട്.
വേദനകള്‍ ആരെയുമറിയിക്കാന്‍ ഇഷ്ടമില്ലാത്ത ഞാന്‍ മെല്ലെ തറയിലിരുന്നു.
ആ.. അമ്മേ…അറിയാതെ ഉറക്കെ വിളിച്ചു പോയി.
സഹമുറിയന്‍ വിപി അമ്പൂരി രാവിലെ എവിടെയോ റിപബ്ലിക് ദിന പ്രഭാഷണം നടത്താന്‍ കുളിച്ചൊരുങ്ങി ഇറങ്ങിയത് അപ്പോഴാണ്. കൂട്ടുകാരനോട് ബൈ പറയാന്‍ കതകു തുറന്നപ്പോഴുണ്ട് തറയില്‍ക്കിടന്ന് പുളയുന്നു.
”എന്തു പറ്റി?”
”അറിയില്ല. ദേഹമാകെ തളര്‍ത്തുന്ന വേദന.”
”എവിടെ? ”
”അതുമറിയില്ല, അടിവയറ്റിലാണെന്നു തോന്നണു. ”
പരോപകാരം ശിലമാക്കിയ വിപി പെട്ടെന്ന് ഒരു ഓട്ടോയും പിടിച്ചെത്തി. നേരേ അധികമകലെയല്ലാത്ത ലിസി ആശുപ്രത്രിയിലേക്ക്. അവിടെ, എല്ലാം പത്രമോഫീസിലേക്കാള്‍ കഷ്ടം. എല്ലാവരും അവധിയാഘോഷത്തിലാണ്. ഒരു ബെഡില്‍ കിടത്തിയതല്ലാതെ തിരിഞ്ഞുനോക്കാന്‍ ആരുമെത്തിയില്ല. കൂട്ടുകാരന്‍ വേദനകൊണ്ടു പുളയുന്നതു കണ്ട് വിപി എവിടെയോ ചെന്ന് ആരോടൊക്കെയോ കയര്‍ത്തു. അതിന്റെ ഫലമാണെന്നു തോന്നണു ഒരു നഴ്സിണി എത്തി.
”എവിടെയാ വേദന?”
”അടിവയറ്റില്‍”, ഞാന്‍ ഞരങ്ങിക്കൊണ്ടു പറഞ്ഞു.
”കഴിച്ചതു പിടിക്കാത്തതുകൊണ്ടുള്ള വയറുവേദനയായിരിക്കും”. നഴ്സമ്മയുടെ നിരീക്ഷണം.
അതുകേട്ടതും വിപിയുടെ സകല കണ്ട്രോളും പോയി.
”വയറു വേദനപോലും. അങ്ങനെയുള്ള വേദനകളിലൊന്നും വീഴാത്തയാളാ ഇത്. കിടന്നു കരയുന്നതു കണ്ടില്ലേ? ഇവിടെ ഡോക്ടര്‍മാര്‍ ആരുമില്ലേ? ”
”മിക്കവരും അവധിയാണ്. അത്യാഹിത വിഭാഗത്തില്‍ ഒരാളുണ്ട്. ഇപ്പോ വരും”.
”ഇത് അത്യാഹിതം തന്നെ. പെട്ടെന്നു വരാന്‍ പറ”.
വേദന കനക്കുകയാണ്. ബോധം മറയ്ക്കുന്ന വേദന. എന്നാല്‍ ബോധമൊട്ടു മറയുന്നുമില്ല. എന്നിരുന്നാലും പത്രമാപ്പീസ്, ടെലിപ്രിന്റര്‍, ചൂടന്‍ വാര്‍ത്തകള്‍, ഗുജറാത്ത് ഭൂകമ്പം തുടങ്ങിയ ഗുലുമാലുകള്‍ അബോധത്തിലേക്കു പോയി എന്നു പറയേണ്ടതില്ലല്ലോ.
നഴ്സിണി പോയി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ അത്യാസന്ന നില പരിശോധിക്കുവാന്‍ ഡോക്ടറെത്തി. കണ്ടാലറിയാം പഠിപ്പു കഴിഞ്ഞിറങ്ങിയതേയുള്ളു. ജൂനിയായതുകൊണ്ട് സീനിമാര്‍ പണിയേല്‍പ്പിച്ച് പോയതായിരിക്കും. വയറ്റില്‍ അവിടെയുമിവിടെയും അമര്‍ത്തി നോക്കിയിട്ട് ഡോക്ടര്‍ ലേഡി വിപിയോട് എന്തോ പറയുന്നതു കേട്ടു.
അപ്പന്‍ എന്നുമാത്രമേ വേദനയ്ക്കിടയില്‍ എനിക്ക് കേള്‍ക്കാനായുള്ളു. താന്‍ വേദനതിന്നുന്നതിന് അവരെന്തിന് പാവം കൂട്ടുകാരന്റെ അപ്പനു വിളിക്കണം? അതോ എന്റെ അപ്പനുവിളിക്കാനും മാത്രം കുഴപ്പങ്ങള്‍ വയറ്റിലെങ്ങാനുമുണ്ടോ? ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോ മറ്റൊരു നഴ്സിണിയെത്തി ചന്തിക്കു കുത്തി. വേദന കുറയാന്‍ എന്തോ ഒരു മരുന്ന്. വേദന തെല്ലൊന്നടങ്ങി. വിപി അരികിലെത്തിപ്പറഞ്ഞു.
”പേടിക്കാനൊന്നുമില്ല. അപന്‍ഡിസൈറ്റിസ് ആണെന്നാ ഡോക്ടറമ്മ പറയണത്. ചിലപ്പോ ഒന്നു കീറേണ്ടി വരും”.
ഓ അതാരുന്നോ. പലര്‍ക്കും വന്നതായി കേട്ടിട്ടുണ്ട്. ഒന്നും വരില്ലെന്നു നിനച്ച എനിക്കും-ഞാന്‍ ആലോചനയിലാണ്ടു. അരമണിക്കൂര്‍ കഴിഞ്ഞില്ല. വേദന വീണ്ടുമുണര്‍ന്നു. മുമ്പത്തേതിനാക്കാള്‍ ഉശിരില്‍. ദൈവമേ മരുന്നിനു കീഴ്പ്പെടാത്ത എന്തു വേദനായാണീത്. വിപി വീണ്ടും ഡോക്ടറുടെ മുറിയിലേക്കോടി. ഇങ്ങനെയുള്ള അസുഖമായാല്‍ അല്പം വേദന തിന്നേ തീരൂ. എന്നു പറഞ്ഞ് ലേഡീ ഡോക്ടര്‍ അദ്ദേഹത്തെ തിരിച്ചയച്ചു.
വേദനയുടെ തന്മാത്രകള്‍ ശരീരത്തിലെങ്ങും വ്യാപിച്ചു. നിസാഹയനായി തളര്‍ന്നു കരയുന്ന സുഹൃത്തിന്റെ രൂപം വിപിയുടെ രോഷം വീണ്ടുമുണര്‍ത്തി. അയാളവിടെ നിന്നുമിറങ്ങി, ആശുപത്രിയില്‍ കണ്ടവരോടെല്ലാം തട്ടിക്കയറി. രോഷത്തിന്റെ മുള്ളുകളേറ്റിട്ടാണോ എന്തോ, അവര്‍ എന്നെ ഒരു പ്രത്യേക മുറിയിലേക്കു മാറ്റി.
പിന്നെയും കുത്ത്. ചന്തിക്കു തന്നെ. കുത്തിനു പുറകേ വേറൊരു ഡോക്ടറെത്തി. വിപിയുടെ ചൂട് കണ്ട് ആശുപത്രിക്കാര്‍ വിളിച്ചു വരുത്തിയതാ ഈ മുതിര്‍ന്ന ഡോക്ടറെ. അങ്ങോരും വയറ്റിലവിടെയും ഇവിടെയുമൊക്കെ തൊട്ടു നോക്കി. പക്ഷേ ലേഡി ചോദിക്കാത്ത ഒരു ചോദ്യം അദ്ദേഹം തൊടുത്തു. “മൂത്രമൊഴിക്കാന്‍ തോന്നണുണ്ടോ?”
“ഇല്ല, ഇല്ലേയില്ല. പകരം അവിടെയൊക്കെ കനത്ത വേദന. എന്തോ തറഞ്ഞു കയറുമ്പൊലെ”
“അപ്പോ അതാണു കാര്യം”
“ഏത്?”
“കല്ല്, മൂത്രത്തില്‍ കല്ല്. ഇത് അപ്പനുവിളിക്കേണ്ട കാര്യമൊന്നുമല്ല.”
പക്ഷേ ആ ലേഡിഡോക്ടറുടെ അപ്പനു വിളിക്കണമെന്നായി വിപി. സീനി ഡോക്ടര്‍ വിപിയെ കാര്യം പറഞ്ഞു മനസിലാക്കി.
എവിടെ നിന്നു വന്നതായിരിക്കും ഈ കല്ല്. ഉള്ളിലെ കല്ലിനേക്കുറിച്ചാലോചിച്ചു കിടന്നു. ഹൃദയം കല്ലുപോലെയാണെന്ന് കാമുകി ഒരിക്കല്‍ പറഞ്ഞതോര്‍മ്മ വന്നു. പക്ഷേ ഈ കല്ല് ഹൃദയത്തിലല്ലോ. അപ്പോഴാണ് എന്റെ അബോധത്തില്‍നിന്നും രാവിലെ ഗുജറാത്തില്‍ തെറിച്ചുവീണ കല്ലുകളുടെ രൂപം ഉയര്‍ത്തെഴുന്നേറ്റത്.
ദൈവമേ, ഞാന്‍ ചെല്ലാമെന്നു പറഞ്ഞിട്ട് ചെന്നില്ല. ഭൂകമ്പം എന്തായിക്കാണും? പ്രദീപന്‍ വല്ലതും ബ്രേക്കിക്കാണുമോ? ആകുലതകള്‍ വിപിയോടു പറഞ്ഞപ്പോ അങ്ങോര്‍ കടിക്കാന്‍ ചെന്നു.
“നീ അവിടെക്കിടന്നു വിശ്രമിക്ക്. പത്തുരണ്ടായിരം പേര്‍ തട്ടിപ്പോയെന്നാ കേള്‍ക്കുന്നത്. അത്രയും പേര്‍ തട്ടിയ സംഭവവുമിട്ടിട്ട് ആ പയല്‍ പയ്യന്‍ വീട്ടില്‍പ്പോകുമോ?”
അതു തന്നെയായിരുന്നു എന്റെ ഭയവും.
“നീ എന്തായാലും വീട്ടിലൊന്നു വിളിച്ചറിയിക്ക് ”, ഞാന്‍ സുഹൃത്തിനോടു പറഞ്ഞു.
വീട്ടില്‍ വിളിച്ചപ്പോഴുണ്ട് അവിടെയെല്ലാരും പേടിച്ചിരിക്കുന്നു. വീട്ടിലെത്തിയോ എന്ന് രണ്ടുമൂന്നു തവണ പത്രമാപ്പീസില്‍ നിന്നും വിളിച്ചു ചോദിച്ചത്രേ. വിപി വിവരം പറഞ്ഞതും എനിക്കു കാര്യം പിടികിട്ടി. ഭൂകമ്പോം ബ്രേക്കുമൊക്കെ കുട്ടയിലിട്ട് പ്രദീപന്‍ വീട്ടില്‍ പോയിരുന്നു.
പിറ്റേന്നു പുലര്‍ച്ചെ വിവരമറിഞ്ഞ് ന്യൂസ് എഡിറ്റര്‍ ആശുപത്രിയിലെത്തിയപ്പോഴാ കാര്യം ഗുരുതരമാണെന്നറിയുന്നത്. ഗുജറാത്ത് ബ്രേക്കായി നല്‍കാത്തതു കാരണം ആഗോള മലയാളികളെല്ലാം ആകെ രോഷാകുലരാണത്രേ.
കല്ല് പുറത്തു ചാടിക്കാനുള്ള ശ്രമാമായി പിന്നീട്.
“ആവുന്നത്ര വെള്ളം കുടിച്ചോളൂ. ചിലപ്പോ അതു തനിയെ പുറത്തു പൊയ്ക്കോളും. പോയില്ലെങ്കില്‍ പിന്നെ അതു പൊട്ടിച്ചു പുറത്തുകളയാന്‍ വേറെ പരിപാടിയുണ്ട് ”
“അല്ല ഡോക്ടര്‍ ഈ കല്ലെങ്ങനാ എന്റെ കിഡ്നിയിലെത്തിയത്?”
“അതു താങ്കള്‍ തീരെ വെള്ളമടിക്കാത്തതുകൊണ്ടാ. പച്ചവെള്ളത്തിന്റെ കാര്യമാ പറഞ്ഞത്.
എസീ റൂമിലിരുന്നു ജോലിക്കു ഹരംകയറുമ്പോ ദാഹിക്കില്ല. ഫലം ദാ ഇങ്ങനെ കിടക്കാം. ഇതിനിയും വരാം.”
ഏതായാലും വെള്ളമടി ഉഷാറാക്കിയപ്പോള്‍ കല്ല് തനിയേ പുറത്തുകടന്നു.
ഡോക്ടര്‍ ഒന്നു രണ്ടു കരുതല്‍ മരുന്നുകളും ഒരു കുറിപ്പും നല്‍കിയ ശേഷം സ്ഥലം കാലിയാക്കാന്‍ പറഞ്ഞു. കൂടെ വിലപ്പെട്ട ഉപദേശവും. വെള്ളമടി ഉഷാറാക്കിക്കോളൂ.
“ആശ്വാസം. എന്തും കഴിക്കാമല്ലോ. വെള്ളം എത്രവേണേല്‍ക്കുടിക്കാം. മറ്റൊന്നും കഴിക്കാന്‍ പാടില്ല എന്നു പറയരുത്”.
“ഉവ്വുവ്വ് താന്‍ കയ്യിലിരിക്കുന്ന കുറിപ്പൊന്നു നോക്കിക്കേ. അതിലുണ്ട് എല്ലാം”.
ഞാന്‍ കയ്യിലിരുന്ന കടലാസിലേക്കു നൊക്കി. കല്ലു രോഗികള്‍ എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നുള്ളത് വെണ്ടക്കാ അക്ഷരത്തില്‍ അച്ചടിച്ച കുറിപ്പ്. പാല്‍, കാരറ്റ്, തക്കാളി, അങ്ങനെതുടങ്ങി ഒഴിവാക്കേണ്ട ആഹാരങ്ങളുടെ നീണ്ട പട്ടിക.
ചുരുക്കത്തില്‍ പച്ചവെള്ളം മാത്രം കുടിക്കാം. ജീവിതം കോഞ്ഞാട്ടയായെന്നു പറഞ്ഞാല്‍ മതിയല്ലോ. വെറുതെ ആത്മഗതം നടത്തി.
പത്രമാപ്പീസ് രണ്ടാഴ്ചത്തേക്കു മറന്ന് വീട്ടിലെത്തി. അവിടെ അമ്മ കല്ലുരുക്കി ആദിയായ നാടന്‍ പ്രയോഗങ്ങളുമായി കാത്തിരിപ്പുണ്ടായിരുന്നു. വീടിനു ചുറ്റും ഇഷ്ടമ്പോലെയുള്ള ഈ കിളുന്തു ചെടി കല്ലുരുക്കുമോ. സംശയിച്ചു പക്ഷേ, അനുസരണയുള്ള പുത്രനായി രണ്ടാഴ്ചത്തേക്ക് എല്ലാം അനുസരിച്ചു. കല്ലുരുക്കിയുടെ കാരുണ്യംകൊണ്ടോ അമ്മയുടെ കൈഗുണം കൊണ്ടോ പിന്നീട് മൂന്നാലു വര്‍ഷത്തേക്ക് കല്ല് അടിവയറ്റില്‍ വേദന നല്‍കിയില്ല. പക്ഷേ കൊളുത്തിപ്പിടിക്കുന്ന ആ വേദന മനസില്‍ നിറഞ്ഞു നില്‍പ്പുണ്ട്.
****
കല്ലിനെ കീഴടക്കിയെന്നു കരുതി വീണ്ടും വെള്ളമടി നിര്‍ത്തിയ എന്നെ വീണ്ടും ആരോ കല്ലെറിഞ്ഞു വീഴ്ത്തി, അഞ്ചാമത്തെ വര്‍ഷം. രണ്ടാമത്തെ കല്ലുവച്ച കഥ പിന്നീട്.
അനുജാ മാപ്പ്
ഈ ബ്ലോഗുലോകത്തില്‍ ഇങ്ങനെ കറങ്ങിയിറങ്ങി നടന്നു കഴിയുമ്പോ എനിക്കു ചിലപ്പോള്‍ തോന്നാറുണ്ട്, ഒരു കവിതയെഴുതിയാലോ എന്ന്. ശരി തുടങ്ങാം.. ..അത്ര തന്നെ. ഒന്നും കിട്ടില്ല.
എന്‍റെ തൂലിക ആഞ്ഞുകുടഞ്ഞു നോക്കിയാലും ഇല്ല, അതിനുള്ള മഷിയില്ല. ഈ നിരാശ എന്നെ മറ്റൊരു കാര്യം ഓര്‍മ്മിപ്പിക്കുന്നു. അത് ഞാന്‍ ഒരു കവിയെ കൊന്ന കഥയാണ്.
ദിനപത്രം മാത്രം (അതുതന്നെ ഞങ്ങടെ നാട്ടില്‍ ഒരല്‍ഭുതമാ!) വായിച്ചു ശീലമുള്ള ഒരു നസ്രാണി കുടുംബത്തില്‍ ഞങ്ങള്‍ മക്കള്‍ ആറുപേരാണ്. ഞാന്‍ നാലാമന്‍(അല്ല, അഞ്ചാമന്‍). എനിക്കു നേരെ താഴെയുള്ളവനിലെ കവിയെയാണ് ഞാന്‍ കുട്ടിക്കുസൃതികള്‍ക്കിടയില്‍ കൊന്നു തള്ളിയത്.
സംഭവം ഇങ്ങനെയാണ്. അനുജന് ഒന്‍പതോ പത്തോ വയസുകാണും. അവന്‍റെ പുസ്തകക്കെട്ടുകള്‍ക്കിടയില്‍ നിന്നും ഏതാനും കടലാസുതുണ്ടുകള്‍ എനിക്കു കിട്ടി. വായിച്ചു നോക്കിയപ്പോ ഒക്കെ കുഞ്ഞിക്കവിതകളാണ്. കുടുംബ സദസ്സില്‍ രസപ്പടപ്പുയര്‍ത്താന്‍ ഇതു ധാരാളം.
അത്താഴം കഴിഞ്ഞ് ഞാന്‍ ഓരോരോ കവിതകളായി എടുത്തുവായിച്ചു. ഓരോന്നു കഴുയിമ്പോഴും കൊച്ചുകവിയെ വാരാന്‍ ഞങ്ങള്‍ അഞ്ചുപേരും മത്സരിച്ചു. ആരില്‍നിന്നും ഒരു നല്ല വാക്ക് അവനു കിട്ടിയില്ല. അവനിലെ കവി അന്നു രാത്രി ആത്മഹത്യ ചെയ്തുകാണണം.
പിന്നീട് അവന്‍ കവിത എഴുതിയതായി എനിക്കറിയില്ല. സ്വകാര്യ ശേഖരത്തില്‍ ഉണ്ടോ? അതുമറിയില്ല. കക്ഷിക്കിപ്പോ അതിലൊന്നും താല്‍പര്യമില്ലെന്നാണ് എന്റെയൊരു വിലയിരുത്തല്‍. ഓഹരി വിപണനത്തില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന അവന്‍ ഇപ്പോള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലായിരിക്കും കവിതയെഴുതുന്നത്.അന്ന് പരിഹാസത്തിന്റെ അത്യുച്ചത്തില്‍ ഞാന്‍ വായിച്ച കുഞ്ഞിക്കവിതകളിലൊന്ന് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്.
അച്ഛന്‍റെ താടി കണ്ടോ
മുത്തച്ഛന്‍റെ താടി കണ്ടോ
മുത്തച്ഛന്‍റച്ഛന്‍റെ താടി കണ്ടോ
അതാണു പാരമ്പര്യം!
കുട്ടിത്തത്തിന്റെ പിടിവിട്ട ഈ സായാഹ്നത്തില്‍ ഞാനീ വരികളിലേക്കു നോക്കുമ്പോള്‍ വല്ലാത്ത കുറ്റബോധം. ആ കുഞ്ഞു മനസ് എന്തൊരു ദര്‍ശനമാണന്ന് കുറിച്ചു വച്ചത്! തലകുത്തി നിന്നിട്ടു പോലും എനിക്കതുപോലെ നാലുവരി എഴുതാന്‍ കഴിയുന്നില്ല.
എന്നെങ്കിലും എന്‍റെയീ ബ്ലോഗുവായിക്കുന്ന അനുജന്‍ കാണാന്‍ ഞാനീ വരികള്‍ കുറിക്കട്ടെ.
മാപ്പ്,അനുജാ മാപ്പ്.
അഭിപ്രായങ്ങള്‍ (38)
അഭിപ്രായങ്ങള്‍ (37)
അഭിപ്രായങ്ങള്‍ (24)