‘കേരളീയം’ വിഭാഗത്തിന്റെ ശേഖരം

സ്വപ്ന മന്ത്രിസഭ

രാവിലെ എഴുന്നേറ്റപ്പോള്‍ വി.എസിന്റെ മിസ്ഡ് കോള്‍. മന്ത്രിസഭയുണ്ടാക്കാന്‍ സഹായിക്കണമത്രേ. പണിയൊന്നുമില്ലാത്തതിനാല്‍ തിരക്കാണെന്നു പറഞ്ഞുനോക്കി. പക്ഷേ സഖാവ് സമ്മതിക്കുന്നില്ല. ഞാന്‍ പറഞ്ഞു സഖാവ് ആദ്യം മുഖ്യമന്ത്രിസ്ഥാനം ഉറപ്പിക്ക്. ബാക്കി ഞാന്‍ നോക്കിക്കോളാം.

ഈ 14 എന്ന സംഖ്യയില്‍ അങ്ങനെയങ്ങു മുറുകെപ്പിടിക്കേണ്ട എന്നതാണെന്റെ അഭിപ്രായം. 96-ല്‍ എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നപ്പോള്‍ ‘രണ്ടാന മനോരമ’ നടത്തിയ പൊതുജനാഭിപ്രായ രൂപീകരണമായിരുന്നല്ലോ ഈ 14. പിന്നീട് ആന്റണിയും ചാണ്ടിയും വന്ന് എണ്ണം മൊത്തത്തിലങ്ങു കൂട്ടിയപ്പോള്‍ മനോരമയ്ക്ക് അഭിപ്രായ രൂപീകരണമൊന്നും ഇല്ലാതെ പോയി.

ചെലവു ചുരുക്കല്‍ എന്ന പരിപാടിയനുസരിച്ചാണ് 14 ആക്കുന്നതെങ്കില്‍ അതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. 96-ല്‍ 14 പേര്‍ ചേര്‍ന്ന് 30 പേരുടെ ചെലവു വരുത്തിവച്ചത് മറക്കാതിരിക്കാം.(ചെലവു വീരന്മാരുടെ പട്ടികയില്‍ നിന്ന് നായനാരെയും രാധാകൃഷ്ണനെയും പാലോളിയെയും ഒഴിവാക്കിയേക്കാം)

അപ്പോള്‍ 14 ആണെങ്കില്‍ ഒരു മാര്‍ഗ്ഗം ചെറുകക്ഷികളായ രണ്ടെണ്ണത്തിന് സ്പീക്കര്‍. ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കുകയാണ്. പി.സി. ജോര്‍ജിനെപ്പോലൊരാള്‍ സ്പീക്കര്‍ കസേരയിലിരുന്നാല്‍ നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡന്മാര്‍ വേണ്ടിവരില്ല. വി.എസിന് ആ വഴി ചിന്തിക്കാവുന്നതാണ്. അതുമല്ലെങ്കില്‍ എ.കെ.ശശീന്ദ്രനെ സ്പീക്കറും പി.സിയെ ഡെപ്യൂട്ടിയുമാക്കാം. ഒന്നാലോചിച്ച് നോക്ക്.

അപ്പോള്‍ 14 ആണെങ്കില്‍ ഇങ്ങനെയാവാം

മുഖ്യമന്ത്രി-വി.എസ്.
പാലോളി
ബേബി
ശ്രീമതി
വിജയകുമാര്‍
എം.ചന്ദ്രന്‍
രാധാകൃഷ്ണന്‍
കണ്ണന്താനം (എല്ലാവാരും സി.പി.എം ക്വോട്ട)

കെ.പി.രാജേന്ദ്രന്‍
ബിനോയ് വിശ്വം(സി.പി.ഐ)

എന്‍.കെ.പ്രേമചന്ദ്രന്‍(ആര്‍.എസ്.പി)

കടന്നപ്പള്ളി(കോണ്‍. എസ്)

പി.ജെ.ജോസഫ്(കേ.കോ.ജെ)

ശ്രേയാംസ്കുമാര്‍(ദള്‍)

ശശീന്ദ്രന്‍ സ്പീക്കര്‍
പി.സി. ഡെപ്യൂട്ടി. അല്ലെങ്കില്‍ നേരേ തിരിച്ച്

പാലോളിയെ വെറും മന്ത്രിയായി ഉള്‍പ്പെടുത്താന്‍ സി.പി.എംനു താല്പര്യമുണ്ടാകില്ല. എന്നാലും മുസ്ലീം പ്രാതിനിധ്യം ഒഴിവാക്കാനാവില്ലല്ലോ(എളമരം കരീമിനെയും മറക്കേണ്ട. പക്ഷേ വി.എസ്. എങ്ങനെ സഹിക്കും?) തോമസ് ഐസക്കിനെ ധനകാര്യം ഏല്‍പ്പിക്കാമെങ്കിലും പ്രത്യയശാസ്ത്ര തര്‍ക്കങ്ങളുടെ പേരില്‍ എ.കെ.ജി. സെന്റര്‍ ധനമന്ത്രിയായി മാറ്റിനിര്‍ത്താനാണു സാധ്യത. തിരിവനന്തപുരം പ്രാതിനിധ്യം ചിലപ്പോള്‍ വി.ജെ. തങ്കപ്പനോ, ശിവങ്കുട്ടിയോ കയ്യടിക്കിയേക്കാം. തോമസ് ഐസക്കിനെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ എം. ചന്ദ്രനെയും മാറ്റിനിര്‍ത്താന്‍ ഒരുസാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ ആ സ്ഥാനം സി.കെ.പി. പത്മനാഭന്‍ നേടിയേക്കും.

കെ.ഇ.ഇസ്മയില്‍ തോറ്റതു നന്നായി. സി,പി.ഐ.യില്‍നിന്നും ഇത്തവണ 2 നല്ല മന്ത്രിമാര്‍ വരാനൊരു സാധ്യതയായി.

ദളിന്റെ മന്ത്രിയാകേണ്ടത് ശ്രേയാംസ്കുമാറല്ല. എന്നാലും വീരന്‍ കളിക്കാതിരിക്കുമോ. പണ്ടു വീരനെ 3 ദിവസത്തിനുശേഷം പറഞ്ഞുവിട്ടപോലെ ഒരു കലാപമൊക്കെ നടത്തി്‍ മോഹനനോ മറ്റോ ആയാല്‍ നല്ലതായിരുന്നു. മകന്റെ മന്ത്രിസ്ഥാനത്തിനു പാരയാകാതിരിക്കാന്‍ ചിറ്റൂരു വീരന്‍ ന്യായമായി അധ്വാനിച്ചിട്ടുണ്ടോ എന്നും സംശയം.

പി.ജെ.ജോസഫിനു മന്ത്രിയാകാനുള്ള പ്രജ്ഞയൊക്കെ നഷ്ടമായിരിക്കുന്നു. സ്വയം മാറിനില്‍ക്കാന്‍ തീരുമാനിച്ചാല്‍ നന്ന്. കേരളാ കോണ്‍ഗ്രസുകാരനില്‍ നിന്നും അങ്ങനെയൊരു നന്മ പ്രതീക്ഷിച്ചുകൂടാ എന്നാലും. ഡോക്ടര്‍ തോറ്റതിനാല്‍ മാറിനില്‍ക്കാനങ്ങു പറ്റുകയുമില്ല. വേണമെങ്കില്‍ മോന്‍സിനെ നിര്‍ത്തി യുവപ്രാതിനിധ്യമുറപ്പിക്കാം. അതുമല്ലെങ്കില്‍ പാലം വലിക്കില്ലെന്നുറപ്പുള്ള ഷെവ.കുരുവിള.

ആര്‍.എസ്.പി. പ്രേമചന്ദ്രനത്തന്നെ മന്ത്രിയാക്കട്ടെ.

കടന്നപ്പള്ളിയെ മന്ത്രിയാക്കാ‍നല്ലേ സി.പി.എം. സ്വന്തം കോട്ടയില്‍ നിര്‍ത്തി ജയിപ്പിച്ചെടുത്തത്.

അപ്പോള്‍ പ്രശ്നം എന്‍.സി.പിയും പി.സി ജോര്‍ജും ഐ.എന്‍.എല്ലുമാണ്. ശശീന്ദ്രന്‍ അല്പം വിവരമുള്ളയാളാ. ഒന്നു പറഞ്ഞു നോക്ക്. ഐ.എന്‍.എല്ലുകാര്‍ക്ക് വേറേ വല്ല വകുപ്പും കൊടുത്ത് മാറ്റ്.

കോടിയേരിയേ ചീഫ് വിപ്പോ, കണ്‍‌വീനറോ ആക്കിക്കോളൂ. ഇഷ്ടന്‍ മന്ത്രിക്കസേര വേണ്ടെന്നു പറയുമോ ആവോ.

കണ്ണന്താനത്തിനെ ചുമ്മാ ആഗ്രഹംകൊണ്ടു ഉള്‍പ്പെടുത്തിയതാ. ഒന്നു പരീക്ഷിച്ചു നോക്കെന്നേ.

ഇനി സ്പീക്കര്‍ പദവി വിട്ടുകൊടിക്കില്ലയെന്നാ സി.പി.എം തീരുമാനമെങ്കില്‍ ഒരു മന്ത്രിസ്ഥാനം ജോര്‍ജിനോ ശശീന്ദ്രനോ കൊടുക്കേണ്ടിവരും.

ലാല്‍ സലാം ജലീല്‍

നോക്കിയിരുന്നു മടുത്തു. കുറ്റിപ്പുറത്ത് ജലീല്‍ ആറായിരം വോട്ടിനു ലീഡുചെയ്യുന്നുണ്ട്. ഞാന്‍ നോക്കിയിരിക്കുകയാ‍ണെന്നു കണ്ടാണോ ആവോ അവിടെ മാത്രം പടക്കം പൊട്ടാനൊരു താമസം. എതിരാളി കുഞ്ഞാലിക്കുട്ടിയായതുകൊണ്ട് എന്തും സംഭവിക്കാമല്ലോ. അതാണീ ആശങ്കക്കാത്തിരിപ്പിനു കാരണം. ഏതായാലും ജലീല്‍ ജയിച്ചു എന്നു ഞാനങ്ങു കരുതുകയാ. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ഗുണപരമായ മാറ്റവും അവിടെത്തുടങ്ങുന്നു. അരൂരില്‍ ഗൌരിയമ്മ വീണ്ടും മത്സരിക്കാനെത്തിയപ്പോള്‍ ഞാനല്‍ഭുതപ്പെട്ടിരുന്നു. ടി.വി.തോമസിന്റെ ആത്മാവെങ്കിലും അവര്‍ക്കു നല്ലബുദ്ധിതോന്നിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു. ഏതായാലും അരൂരിലെ ജനങ്ങള്‍ പ്രബുദ്ധരായി. അവര്‍ക്കിനി വീട്ടിലിരിക്കാം. ഇടക്കിടെ കൃഷ്ണനെ തൊഴാന്‍ പോകാം. കാവ്യ നീതി.

മറ്റൊന്ന് കൊട്ടാരക്കരയിലാണ്. പിള്ളയെ വീട്ടിലിരുത്തിയ കൊട്ടാരക്കാരും അഭിനന്ദനമര്‍ഹിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന്‍ മുന്‍പ് പിള്ളച്ചേട്ടന്‍ ഒരു ഗീര്‍വാണമടിച്ചിരുന്നു. അങ്ങോര്‍ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രമെഴുതാന്‍ പോവാത്രേ. ഏതായാലും ഇനി ഏറെ സമയമുണ്ട്. എഴുതു പിള്ളച്ചേട്ടാ, എഴുത്.

കെ.പി.വിശ്വനാഥന്‍, പി.പി. തങ്കച്ചന്‍, കെ.ഇ.ഇസ്മയില്‍, കുഞ്ഞാലിക്കുട്ടി, ടി.എം ജേക്കബ്, കെ.മുഹമ്മദാലി, ചെര്‍ക്കളം എന്നിങ്ങനെ ഒട്ടേറെ അജീര്‍ണ്ണങ്ങളെ ജനവിധി ചുട്ടെരിച്ചെങ്കിലും ആശങ്കയൊടുങ്ങുന്നില്ല. ഗള്‍ഫില്‍ ഏഷ്യാനെറ്റ് സന്യാസി കെ.പി.മോഹനനൊപ്പം പിരിവു നടത്തി കോടീശ്വരനായ കുവൈറ്റ് ചാണ്ടിയെയും സകലാവല്ലഭനായ അച്ഛനെ വെല്ലുന്ന ശ്രേയാംസ്കുമാറിനെയും ഒക്കെ ഇതേ ജനവിധി വിജയിപ്പിച്ചിട്ടുമുണ്ട്. സി.എഫ്.തോമസിന്റെ നിഷ്ക്രിയ ജനാധിപത്യവും ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു എന്നതു ശ്രദ്ധിക്കണം. ഹാ പറയാന്‍ മറന്നു ഇവര്‍ക്കൊക്കെ കൂട്ടിന് എസ്.ശര്‍മ്മയുമുണ്ട്. നാടുനന്നാവാന്‍ ഇനിയുമേറെക്കാലം വേണമെന്നു സാരം.

ദാ, ജലീല്‍ ജയിച്ചു അല്ല കുഞ്ഞാലിക്കുട്ടി തോറ്റു. ഇനി ഞാനുറങ്ങട്ടെ. നാളെ എങ്ങനെ ഓഫിസില്‍ പോവും :(

ലാല്‍ സലാം വി.എസ്.

സഖാവ് വി. എസിനോട് എനിക്കെന്നും ആരാധനയാണ്. അതിനല്‍‌പം പോലും കുറവുവന്നിട്ടില്ല. എവിടെയോ ഒരു കസേരകണ്ടു പനിക്കാതെ ജനസേവനത്തിനിറങ്ങി നടന്ന് ഒന്നുമില്ലാതെ കടന്നുപോയ ഒരു വല്യപ്പന്റെ കൊച്ചുമകന്‍ വി എസിനോടെങ്കിലും ചേര്‍ന്നു നില്‍ക്കണം; അതാണല്ലോ കാവ്യനീതി.

പക്ഷേ ഞാനീ ചേര്‍ന്നു നില്‍ക്കുന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിപട്ടികയില്‍ സഖാവ് അച്യുതാനന്ദനു സ്ഥാനമില്ല എന്ന വാര്‍ത്ത കേട്ടിട്ടുമല്ല. ഉള്ളിന്റെയുള്ളില്‍ എന്തായിരുന്നാലും മറ്റുള്ളവരുടെ യാതൊരു പ്രേരണയുമില്ലാതെ അദ്ദേഹം നടത്തിയ ജനകീയ ഇടപെടലുകളെയോര്‍ത്താണ് ഞാനദ്ദേഹത്തെ നമിക്കുന്നത്.

സാധാരണക്കാരന്റെ കണ്ണാടിയിലൂടെ നോക്കുമ്പോള്‍ കേരളത്തില്‍ ചിലപ്പോഴെങ്കിലും ജനപക്ഷത്തു നിന്നു സംസാരിച്ച ഒരേയൊരു രാഷ്ട്രീ‍യ നേതാവേയുള്ളു. അതു വി.എസ്.അച്യുതാനന്ദനാണ്.

മലമ്പുഴ ഡാമില്‍ അടിഞ്ഞുകൂടുന്ന ചെളിമണല്‍ വാരാനെന്ന പേരില്‍ ഡാമിലേക്കുവരുന്ന പുഴകളിലെ മണല്‍‌വരെ കടത്തുന്ന പകല്‍‌ക്കൊള്ള കണ്ടപ്പോള്‍, അദ്ദേഹത്തിന്റെ ആശയങ്ങളോടു പലപ്പോഴും സമരംചെയ്യുന്ന ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുമ്പോഴും, ഞാന്‍ വിളിച്ചത് വി. എസിനെയാണ്. ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരന്‍ കലക്ടര്‍ പോലും മൂക്കിനുതാഴെ കവ-കൂട്ടുകല്‍ പ്രദേശത്തു നടന്ന ആ മണല്‍ക്കൊള്ള കാണാനെത്തിയത് എണ്‍‌പതു കഴിഞ്ഞ വി.എസ്. മലകയറി വന്ന ശേഷമാണ്.

കേരളത്തിന്റെ മുക്കിലും മൂലയിലും ഇതുപോലെ ഒരുപാട് ജനകീയ പ്രശ്നങ്ങള്‍ വി.എസ്. മൂലം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങളും വെള്ളക്കോളര്‍ വര്‍ഗങ്ങളും പലപ്പോഴും അവയെ വികസനവിരുദ്ധ ഇടപെടലുകള്‍ എന്നു വിളിച്ച് പുച്ഛിച്ചിട്ടുമുണ്ട്.

ഇതൊക്കെയാണെങ്കിലും മുഖ്യമന്ത്രിക്കസേരയെന്ന കനകസിംഹാസനം സ്വപ്നംകണ്ടാണ് സഖാവ് വി.എസ്. ഈ ജനകീയ ഇടപെടലുകള്‍ നടത്തിയതെന്നു കരുതാന്‍ എനിക്കാവുന്നില്ല. തീയില്‍ കരുത്ത ഒരു കമ്മ്യൂണിസ്റ്റിന്റെ സ്വാഭാവിക പ്രതികരണങ്ങളായേ എനിക്കതിനേ കാണാനൊത്തിട്ടുള്ളൂ.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട അച്യുതാനന്ദന്റെ പേരില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമൊഴുകുന്ന മുതലക്കണ്ണീരിന്റെ ഉപ്പുരസം എന്റെ മനമ്പിരട്ടുന്നുണ്ട്. വി.എസിന്റെ ഇടപെടലുകളെ വികസനവിരുദ്ധമെന്നു വിശേഷിപ്പിച്ച മാധ്യമങ്ങള്‍ പോലും ഇപ്പോള്‍ പറയുന്നത് ഈ ഇടപെടലുകളൊക്കെ നടത്തിയ വി.എസ്സായിരുന്നു കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകേണ്ടിയിരുന്നത് എന്നാണ്.

കൊയ്യുന്ന വയലെല്ലാം തങ്ങളുടേതാക്കാമെന്ന സ്വപ്നത്തിനു ചുറ്റും പണിയെടുത്ത കര്‍ഷകത്തൊഴിലാളികളുടെ കൊയ്ത്തുപാട്ടിനൊപ്പം പ്രസംഗിച്ചു വളര്‍ന്നവനാണു അച്യുതാനന്ദന്‍. അതുകൊണ്ടാവാം അദ്ദേഹത്തിന്റെ സംസാരശൈലിയില്‍ ഇത്രയും നീട്ടലും കുറുക്കലുമൊക്കെ. എന്നാല്‍ ആ ശൈലിയെ സിനിമാലയിലും കോമിക്കോളയിലും മിമിക്സ് തട്ടുകടകളിലും വിളമ്പി അങ്ങോരെ അച്ചുമാമന്‍ എന്ന ജനകീയ കോമഡിരൂപമാക്കി ഉയര്‍ത്തിയവര്‍പോലും ഈ കണ്ണീരൊഴുക്കില്‍ അവരുടേതായ ഒഴിക്കല്‍ നടത്തുന്നതു കാണുമ്പോള്‍ ചിരിക്കുകയല്ലാതെ എന്താ ചെയ്യുക.

മാധ്യമ വിശാരദന്മര്‍ നടത്തുന്ന ചില സ്വയമ്പന്‍ നിരീക്ഷണങ്ങള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. മാര്‍ക്സിറ്റു പാര്‍ട്ടിയിലെ പണാധിപത്യത്തിനെതിരേ വി.എസ്. പടനയിച്ചതുമൂലം അദ്ദേഹത്തിനു സീറ്റു നിഷേധിച്ചുപോലും.

ഇത്തരം നിരീക്ഷണത്തില്‍ നിന്നു മനസിലാകുന്നത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ പണാധിപന്മാര്‍ എന്നു പറയുന്നത് പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക്, എം.എ.ബേബി, എന്നിവരെയൊക്കെയാണ്. ഏറെക്കുറെ, അല്ല പൂര്‍ണ്ണമായും ശരിയാണ്. പണാധിപത്യത്തിനെതിരെ പടനയിക്കുന്നത് വി.എസ് ആണ്. അതും പൂര്‍ണ്ണമായും ശരിതന്നെ.

പക്ഷേ ഇപ്പറഞ്ഞ രണ്ടാം ചേരിയുടെ ചില പടനായകന്മാരെ കാണുമ്പോള്‍ എന്റെ മനസില്‍ ചില സംശയങ്ങളുണ്ട്. അവരില്‍ ചില പേരുകളാണ് എന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നത്. പത്തിരുപതുകൊല്ലം തെരുവില്‍ സമരം ചെയ്തതിന്റെ കേടുകളും കടപ്പാടുകളും രണ്ടുമൂന്നര വര്‍ഷം മന്ത്രിക്കസേരയിലിരുന്ന് ചെയ്തനുഭവിച്ചാസ്വദിച്ചു തീര്‍ത്ത എസ് ശര്‍മ്മയെന്ന പഴയ ഡിഫി, നവമാര്‍ക്സിസമെന്നാല്‍ ഇക്കണോമിക്സ് ടൈംസ് കൈകള്‍ക്കിടയില്‍ തിരുകലാണെന്നു ധരിക്കുന്ന, ജീവനക്കാരുടെ സ്വയം വിരമിക്കല്‍ പദ്ധതിക്കെതിരേ സമരം നയിച്ച്, അതേ കൈകൊണ്ട് വി.ആര്‍.എസ്. വകുപ്പില്‍ നാലഞ്ചുലക്ഷം എണ്ണിവാങ്ങി, എം.പിയാകാന്‍ പോയ കെ. ചന്ദ്രന്‍‌പിള്ള, എന്നിങ്ങനെയുള്ളവരാണ് ഇപ്പറഞ്ഞ വി.എസ്. ചേരിയെ നയിക്കുന്നതെങ്കില്‍ വി.എസ്മാനിയക്ക് എവിടെയോ പിഴയ്ക്കുന്നുണ്ടെന്നു നിശ്ചയം.

ഈ സഖാക്കളെവച്ചാണ് വി.എസ്. ആശയ സമരം നടത്തുന്നതെങ്കില്‍ അതിനെ കേവലം ആമാശയ സമരം എന്നു വിളിക്കുകയാവും നല്ലത്. അങ്ങനെ ചിന്തിക്കുമ്പോള്‍ പിണറായി പക്ഷത്തുള്ളവരും വി.എസ്. പക്ഷത്തുള്ളവരും തമ്മിലുള്ള ഏകവ്യത്യാസം വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതമാണ്. ആ ജീവിതത്തെ മുന്‍‌നിര്‍ത്തി പാര്‍ട്ടിയിലും ജീവിതത്തിലും എന്തെങ്കിലും ചിലതു നേടാനുള്ള ചിലരുടെ ഗൂഢോദ്ദേശം മാത്രമാണ് വി.എസ്. അനുകൂല ഹിസ്റ്റീരിയായുടെ ചാലകശക്തിയെന്നു പെട്ടെന്നു വായിച്ചെടുക്കാം.

അതീവ രഹസ്യമായ പാര്‍ട്ടി വിശേഷങ്ങള്‍ ക്രിക്കറ്റിലെ കമന്ററേറ്ററേപ്പോലെ മനോരമയിലെ സുജിത് നായരെയും മംഗളത്തിലെ രാമചന്ദ്രനെയും മറ്റും വിളിച്ചറിയിക്കുന്ന സഖാക്കന്മാരുടെ മനസിലിരുപ്പ് മറ്റെന്താണ്.

കേരളത്തിലിപ്പോള്‍ പത്രത്തില്‍ പേരു വരണമെങ്കില്‍ വി.എസിനുവേണ്ടി ഒരു തുള്ളി കണ്ണീര്‍ പൊഴിച്ചാല്‍ മതിയെന്നായിട്ടുണ്ട്.

സഖാവ് വി.എസ്. ഞാന്‍ താങ്കള്‍ക്കുവേണ്ടി ചിരിക്കുകയാണ്. താങ്കള്‍ മത്സരിക്കരുതെന്നും ഒരിക്കലും മുഖ്യമന്ത്രിയാകരുതെന്നും ആഗ്രഹിക്കുന്ന ഒരു പാവം മലയാളിയാണു ഞാന്‍. എന്റെ നാട്ടിലെ പുഴകളും, മരങ്ങളും, കായലുകളും, നെല്‍‌വയലുകളും കുറച്ചു നാള്‍ക്കൂടിയെങ്കിലും നിലനില്‍ക്കണമെങ്കില്‍ താങ്കള്‍ മുഖ്യമന്ത്രിയാകാതിരുന്നേപറ്റൂ.

രായിരനെല്ലൂര്‍ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റി അതേപോലെ തിരിച്ചറിക്കിയ ആ വിശുദ്ധ ഭ്രാന്തനെ ഓര്‍ക്കുക. എന്നിട്ട് മുഖ്യമന്ത്രിക്കസേര അധികാര പര്‍വ്വതങ്ങളിലേക്ക് വലിച്ചുകയറ്റി താങ്കള്‍ത്തന്നെ പുച്ഛത്തോടെ താഴേക്കിടുക. എന്നിട്ടു ചിരിക്കുക. മെല്ലെ നീട്ടിക്കുറുക്കി സഖാവിന്റെ അതേ താളലയത്തിലൊരു ചിരി. താങ്കളുടെ ആ ചിരിക്ക് എന്റെ വോട്ട്. ലാല്‍ സലാം.

പേരുകളെക്കുറിച്ചല്പം

ഇതു ചേര്‍ത്തുവായിക്കുക

പേരില്‍‌നിന്നും നാടൂഹിച്ചെടുക്കുക ഇടയ്ക്കെന്റെ കൌതുകമായിരുന്നു.

പേരിനൊപ്പം ഒരു ഡേവിസോ ലോനപ്പനോ ഫ്രാന്‍‌സിയോ ഉണ്ടെങ്കില്‍ ഉറപ്പിച്ചോളൂ ഓന്‍ തൃശൂര്‍ ചുറ്റുവട്ടത്തുള്ളവനാ. കുഞ്ഞിക്കണ്ണനാണെങ്കില്‍(ആരും ചൊറിച്ചുമല്ലേണ്ട) ഒന്നു ചോദിച്ചുറപ്പിച്ചോളൂ, അവന്‍ മിക്കവാറും കണ്ണൂര്‍‌കാരന്‍.

മുന്നിലോ പിന്നിലോ ലൂക്കോസ് ഉണ്ടെങ്കില്‍ ഓന്‍ മിക്കവാറും കോട്ടയം ജില്ലയിലെ അതിരമ്പുഴക്കാരനാകും. ലൂക്കാ സുവിശേഷകന്‍ ക്രിസ്ത്യാനികള്‍ക്കെല്ലാം വേണ്ടപ്പെട്ടവനാ. എന്നാലും ഈ അതിരമ്പുഴക്കാര്‍ക്ക് മൂപ്പരോടിത്ര മമതയെന്താണാവോ അറിയില്ല.

പേരിനൊപ്പം ഒരു കുട്ടികൂടിയുണ്ടെങ്കില്‍ ഏറെക്കുറെ അവനൊരു പാലക്കാട്ടുകാരനാണ്. നമ്മുടെ രാജ് രാജന്‍‌കുട്ടിയാകാതെ എങ്ങനെയോ രക്ഷപ്പെട്ടതാ.

കോളജില്‍ എന്റെയൊരു സഹപാഠിയുടെ പേര്‍ ബ്രഷ്‌നേവ്. കൈനകരിയിലെ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍പ്പെട്ട അവനു ലെനിന്‍, സ്റ്റലിന്‍, ക്രൂഷ്ചേവ് എന്നിങ്ങനെ മൂന്നു സഹോദരന്മാരുമുണ്ട്. പിന്നീടറിഞ്ഞു അവന്റെ ഗ്രാമത്തില്‍ ഇതുപോലെ റഷ്യക്കാര്‍ ഏറെയുണ്ടത്രേ.

ഗള്‍‌ഫ് യുദ്ധകാലത്ത് മക്കള്‍ക്ക് സദ്ദാം എന്നു പേരിട്ട എത്രയോ മലപ്പുറംകാരുണ്ട്.

കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റായിരുന്ന സ്വാതന്ത്ര്യത്തെയും അദ്ദേഹത്തിന്റെ സഹോദരന്മാര്‍ സമത്വത്തെയും സാഹോദര്യത്തെയും മിക്കവര്‍ക്കും അറിയാമായിരിക്കുമല്ലേ?

പേരുപോലെ വീട്ടുപേരിലുമുണ്ട് ചില തമാശകള്‍. ഞങ്ങളുടെ സഭയില്‍ അച്ചന്മാരെ വീട്ടുപേര്‍ ചേര്‍ത്താണു വിളി. അതായത് ഞാനെങ്ങാനും അച്ചനായിരുന്നെങ്കില്‍ കൈനിക്കരയച്ചോ എന്നു നാട്ടുകാര്‍ വിളിക്കുമായിരുന്നു.

ഈ വീട്ടുപേരു വിളി തൃശൂരിലെത്തുമ്പോ ചിലപ്പോ കനക്കും. ഫാ.വില്‍‌സണ്‍ ഊക്കന്‍ എന്നു വീട്ടുപേരുള്ള അച്ചനെ ഊക്കനച്ചന്‍ എന്നല്ലാതെ നാട്ടുകാര്‍ എന്തു വിളിക്കണം? അമ്പൂക്കനച്ചന്‍, കാഞ്ഞൂക്കനച്ചന്‍, ചീരനച്ചന്‍, കൊണത്തപ്പള്ളിയച്ചന്‍, വെടികാരനച്ചന്‍… അങ്ങനെ കുറേയുണ്ട് കിടിലന്‍ അച്ചന്മാര്‍.
വിശാലനു ചിലപ്പോ ഇതിലും നീണ്ട ലിസ്റ്റ് തരാനായേക്കും.

യേശുദാസും റോയല്‍റ്റിയും പിന്നെ ചില വയറ്റിപ്പിഴപ്പുകളും

പ്രിയ വക്കാരീ താങ്കള്‍ക്കെന്റെ പ്രണാമം. ഇങ്ങനെയും ചിന്തിക്കുന്ന മലയാളികള്‍ ഉണ്ടല്ലോ. കേരളത്തില്‍ നിക്ഷ്പക്ഷത എന്നാല്‍ ഒരാളെ വിമര്‍ശിക്കല്‍ എന്നൊരര്‍ത്ഥം മാത്രമേയുള്ളു എന്ന സംശയം എനിക്കു പലപ്പോഴും തോന്നാറുണ്ട്‌. അവിടെ പത്രപ്രവര്‍ത്തനവുമായി കറങ്ങി നടന്ന കാലത്ത്‌ വിശേഷിച്ചും. വ്യക്തിവിമര്‍ശനം മാത്രമായാല്‍ അതിനെ നെഗറ്റീവ്‌ റിപ്പോര്‍ട്ടിംഗ്‌ എന്നു വിശേഷിപ്പിക്കാനെണിനിക്കിഷ്ടം. അതേ സമയം രണ്ടു വശങ്ങളും ചേര്‍ത്തുള്ള അവതരണം. അതില്‍ നിക്ഷ്പതയുണ്ടാവാന്‍ വഴിയുണ്ട്‌.

യേശുദാസിനെപ്പറ്റിയുള്ള ലേഖനത്തില്‍ അദ്ദേഹം വയറ്റിപ്പിഴപ്പിനുവേണ്ടി യുവഗായകരെ ഭീഷണിപ്പെടുത്തുന്ന ആളാണ്‌ എന്നെഴുതിത്തുടങ്ങിയാല്‍ ആ ലേഖനം യാഥാര്‍ഥ്യത്തില്‍ നിന്നും ഏറെ അകലെയായിരിക്കും എന്നാണെന്റെ പക്ഷം. നേരേ മറിച്ച്‌ ആ ലേഖനത്തില്‍ തന്നെ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍, വിമര്‍ശനങ്ങള്‍ ഒക്കെ അവതരിപ്പിച്ചാല്‍ കാര്യങ്ങള്‍ക്ക്‌ ഒരു തെളിമയുണ്ടാകുമെന്നും കരുതുന്നു. വിക്കിപീഡിയയുടെ ശൈലിയും അതാണെന്നാണ്‌ ഞാന്‍ മനസിലാക്കുന്നത്‌. വിക്കിപീഡിയയെക്കുറിച്ച്‌ വിക്കിപീഡിയയില്‍ത്തന്നെയുള്ള ലേഖനത്തില്‍, അതിനെതിരെയുള്ള വിമര്‍ശനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ ഉത്തമ ഉദാഹരണം.

വാസ്തവത്തില്‍ യേശുദാസിനെപ്പറ്റിയുള്ള മലയാളം വിക്കിയിലെ ലേഖനം പൂര്‍ത്തീകരിക്കാത്തതാണ്‌. അതെഴുതിയാള്‍ പാതിവഴിയാക്കിപോയി. അതൊന്നു പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍. വിശേഷിച്ചും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനങ്ങളും ഉള്‍പ്പെടുത്താന്‍ ഒരു ശ്രമം. അതിനിടയിലാണ്‌ ഇവിടെയൊരു ചര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്‌.

വക്കാരിക്കുള്ളതുപോലെ ബലമായ സംശയം എനിക്കുമുണ്ട്‌. യേശുദാസ്‌ റോയല്‍റ്റി ചോദിച്ചത്‌ തെറ്റായിപ്പോയോ?. തുളസി പറഞ്ഞതുപോലെ ബാബു രാജിന്റെയോ വയലാറിന്റെയോ ഗാനങ്ങള്‍ സ്റ്റേജില്‍ പാടരുത്‌ എന്നല്ല യേശുദാസ്‌ ആവശ്യപ്പെട്ടത്‌ എന്നാണെന്റെ അറിവ്‌. അത്‌ പ്രശ്നങ്ങളെ വികാരപരമായി കാണുന്ന ചിലരുടെ പ്രചരണമാണ്‌. മറിച്ച്‌ യേശുദാസിന്റെ തരംഗണി കസറ്റ്‌സ്‌ പുറത്തിറക്കിയ ഗാനങ്ങള്‍ പാടരുത്‌ എന്ന് ആ സ്ഥപനത്തിന്റെ നടത്തിപ്പുകാരനായ യേശുദാസിന്റെ മകന്‍ രേഖാമൂലം ആവശ്യപ്പെട്ടുവെന്നതാണ്‌ യാഥാര്‍ഥ്യം. പകര്‍പ്പവകാശങ്ങള്‍പ്പോലുള്ള അവകാശങ്ങള്‍ക്ക്‌ യാതൊരു വിലയും കല്‍പ്പിക്കാത്ത മലയാളികള്‍ക്ക്‌ അതൊരു പുതുമയായതില്‍ അല്‍ഭുതമില്ല.

നമ്മുടെ നിഷാദ്‌ കീപ്പള്ളി ഏതോ ഒരു ബ്ലോഗില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്‌. വിനയന്റെ അല്‍ഭുത ദ്വീപ്‌ ഹോളിവുഡില്‍ ഇറക്കാന്‍ പോകുന്നു എന്ന വാര്‍ത്തയായിരുന്നു നിഷാദിന്റെ ലേഖനത്തിനടിസ്ഥാനം. സത്യം എന്താണ്‌? അല്‍ഭുത ദ്വീപ്‌ അതുപോലെ തന്നെ ഹോളിവുഡില്‍ ഇറക്കാന്‍ ആരും പദ്ധതിയിടുന്നില്ല. അതിന്റെ കഥപോലും സ്വീകരിക്കുന്നില്ല. ആശയം മാത്രമേ പകര്‍ത്തുന്നുള്ളു. അപ്പോള്‍ ആശയത്തിന്റെ ഉടമയായ വിനയനെത്തേടിയാണ്‌ ഹോളിവുഡ്‌ സംവിധായകര്‍ കേരളത്തിലെത്തിയത്‌.

മറ്റ്‌ സിനിമകളിലെ ആശയങ്ങള്‍ മാത്രമല്ല സിനിമ അപ്പടിതന്നെ മോഷ്ടിക്കുന്ന വിനയനും ഇതര സംവിധായകരും, കൂടെ നമ്മള്‍ മലയാളികളും ഈ മാതൃക കണ്ടിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി.

അപ്പോള്‍ പറഞ്ഞുകൊണ്ടിരുന്നത്‌ യേശുദാസ്‌. തരംഗിണി കസറ്റ്‌സ്‌ ഒരു കാലത്ത്‌ സിനിമാ ഗാനങ്ങളുടെ അവകാശം വിലയ്ക്കു വാങ്ങിയിരുന്നു. അതായത്‌ പ്രസ്തുത സിനിമയിലെ ഗാനങ്ങളുടെ പകര്‍പ്പവകാശം തരംഗിണി കസറ്റ്‌സില്‍ നിക്ഷിപ്തമായിരിക്കും എന്നു സാരം. അപ്പോള്‍ ആ ഗാനങ്ങളുടെ അവകാശം സംഗീത സംവിധായകനോ, ഗായകനോ, രചയിതാവിനോ അല്ല. തരംഗിണിക്കുതന്നെയാണ്‌. അതില്‍ അല്‍ഭുതപ്പെടാനെന്തിരിക്കുന്നു. ചിലപ്പോള്‍ അക്കൂട്ടത്തില്‍ ഉണ്ണിമേനോന്‍ പാടിയ ഗാനങ്ങളുമുണ്ടാകാം. സംശയിക്കേണ്ട, അതിന്റെ പകര്‍പ്പവകാശവും തരംഗിണിക്കു തന്നെ. കേരളത്തിലിറങ്ങുന്ന എല്ലാ കസറ്റുകളിലും അത്‌ രേഖപ്പെടുത്തിയിട്ടുമുണ്ട്‌. Unauthorised broadcasting…. അങ്ങനെ തുടങ്ങുന്ന ആ വരികള്‍ക്ക്‌ നമ്മള്‍ മലയാളികള്‍ വലിയ വില കല്‍പ്പിക്കാറില്ല എന്നത്‌ സത്യം. പകര്‍പ്പവകാശം നടപ്പാക്കാന്‍ യേശുദാസും അദ്ദേഹത്തിന്റെ മകനും തുനിഞ്ഞിറങ്ങിയത്‌ ചിലപ്പോ വയറ്റിപ്പിഴപ്പിനാകാം. ആയാലും തെറ്റില്ല. കാരണം അതിനാണല്ലോ അവരതിന്റെ റോയല്‍റ്റി പണംകൊടുത്തു വാങ്ങിയത്‌.

പിന്നെയുള്ളത്‌ ഗാനമേളക്കാരുടെ വയറ്റിപ്പിഴപ്പ്‌. അതും വെറുതെ കാടടച്ചു വെടിവയ്ക്കലാണ്‌. നാട്ടുമ്പുറത്തെ ഗാനമേളക്കാരനും പകര്‍പ്പവകാശ നിയമങ്ങളെപ്പറ്റി ബോധമുള്ളവനായിരിക്കണം എന്നാണെന്റെ പക്ഷം. തരംഗിണി ഇറക്കിയ കസറ്റുകളിലെ ഗാനങ്ങള്‍ പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ അവരും മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. അതാണല്ലോ നിയമം. ഇങ്ങനെ അനുമതി വാങ്ങാനെത്തുമ്പോള്‍ യേശുദാസ്‌ പാവം ഗാനമേളക്കാരെ ആട്ടിയോടിച്ചാലോ അല്ലെങ്കില്‍ അവരുടെ കുത്തിനുപിടിച്ച്‌ പണം ചോദിച്ചാലോ നമുക്കു വേണമെങ്കില്‍ അദ്ദേഹത്തെ വിമര്‍ശിക്കാം. അങ്ങനെയൊരു സംഭവം നടന്നതായി എനിക്കറിയില്ല. മധു ബാലകൃഷ്ണനും ഉണ്ണിമേനോനും അത്ര വയറ്റിപ്പിഴപ്പുകാരല്ലതാനും.

റോയല്‍റ്റി വിവാദ കാലത്ത്‌ പലരും യേശുദാസിനെ വിമര്‍ശിച്ചത്‌. ത്യാഗരാജ സ്വാമികളെ കൂട്ടുപിടിച്ചായിരുന്നു. സംഗീത സംവിധായകന്‍ ജയന്‍ ഇങ്ങനെപോലും ചോദിച്ചുകളഞ്ഞു: ”ത്യാഗരാജ സ്വാമികളുടെ പിന്തലമുറ ഭിക്ഷയെടുത്തു ജീവിക്കുന്നുണ്ട്‌, യേശുദാസ്‌ അവര്‍ക്ക്‌ റോയല്‍റ്റി നല്‍കുന്നുണ്ടോ?… ”’കേവലം വികാരത്തള്ളല്‍ എന്നല്ലാതെ എന്തു പറയാന്‍. കൂട്ടിന്‌ അജ്ഞതയും. ത്യാഗരാജ സ്വാമികളുടെ കൃതികള്‍ക്ക്‌ ആരും പകര്‍പ്പവകാശം സമ്പാദിച്ചിരുന്നതായി എനിക്കറിയില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ ഇന്ത്യയിലെ പകര്‍പ്പവകാശ നിയമം അനുസരിച്ച്‌ അതിന്‌ ഇപ്പോള്‍ നിലനില്‍പ്പില്ല.

യേശുദാസിനെതിരെയുള്ള മറ്റൊരു വിമര്‍ശനം അദ്ദേഹം വയലാറിനോട്‌ നന്ദി കാട്ടിയില്ല. എന്നതാണ്‌. അതും വികാരപരമല്ലേ?. വയലാറിന്റെ പാട്ടുകള്‍പ്പാടി പണം നേടിയതുകൊണ്ട്‌ അദ്ദേഹം വയലാറിന്റെ പിന്‍തലമുറയെ സഹായിച്ചുകൊള്ളണമെന്നുണ്ടോ?. മമ്മൂട്ടി സിനിമയില്‍ നിന്നും നേടിയ പണം സിനിമയില്‍ത്തന്നെ നിക്ഷേപിക്കുന്നില്ല എന്നു ചിലര്‍ പരിഭവിക്കുന്നതുപോലെയാണിത്‌.

യേശുദാസും മമ്മൂട്ടിയുമൊക്കെ അവരുടെ ജീവിതത്തെ ക്രമപ്പെടുത്തി പണം സമ്പാദിച്ചവരാണെന്നാണെന്റെ പക്ഷം. ഇപ്പറഞ്ഞ വയറ്റിപ്പിഴപ്പു ഗായകരും നമ്മളില്‍പ്പലരും ചെയ്യാത്തതും അതുതന്നെ.