‘പ്രതികരണം’ വിഭാഗത്തിന്റെ ശേഖരം

ബെര്‍ളിത്തരങ്ങള്‍

കുറേക്കാലമായി ആര്‍ക്കിട്ടെങ്കിലും രണ്ടെണ്ണം പൊട്ടിക്കണം എന്നു തോന്നിയിട്ടുണ്ടെങ്കില്‍ അതു മനോരമ ഓണ്‍ലൈനിലെ ബെര്‍ളി തോമസ് എന്ന മഹാനിട്ടു മാത്രമാണ്. നമുക്കു ചുറ്റും സംഭവിക്കുന്നതെന്ന മട്ടില്‍ ടിയാന്‍ ഉണ്ടാക്കിയെടുക്കുന്ന കഥകള്‍ വായിച്ചാല്‍ നിങ്ങള്‍ക്കും അങ്ങനെ തോന്നാതിരിക്കില്ല. സന്തോഷ് കുറെക്കാലം മുന്‍പ് കുറച്ചെണ്ണം ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീമാന്‍ ബെര്‍ളി ഏറ്റവുമൊടുവില്‍ കഥകളുണ്ടാക്കിയിരിക്കുന്നത് ബ്ലോഗന്മാരെപ്പറ്റിയാണ്.

ബാബുക്കുട്ടന്‍ എന്ന സാങ്കല്പിക കഥാപാത്രത്തെ സൃഷ്ടിച്ചാണ് ബെര്‍ളി ബ്ലോഗിംഗിനെ വിലയിരുത്തുന്നത്. ലെബനിനെ സ്ത്രീകളെക്കുറിച്ചെഴുതുന്ന ബ്ലോഗില്‍ ബാബുക്കുട്ടന്‍ സ്വന്തം നാടിനെക്കുറിച്ചും വീടിനെക്കുറിച്ചും എഴുതുമത്രേ. ലെബനിനെ സ്ത്രീകളെക്കുറിച്ചുള്ള ബ്ലോഗുകള്‍ വായിച്ചിട്ട് ബെര്‍ളിക്ക് ആകെ കിട്ടിയത് ബാബുക്കുട്ടനെയാണ്. ആരാണീ ബാബുക്കുട്ടന്‍ എന്നോ ഏതു ലബനീസ് സ്ത്രീകളെക്കുറിച്ചുള്ള ബ്ലോഗുകളെന്നോ ചോദിക്കരുതു്. കഥയില്‍, വിശേഷിച്ചും ബെര്‍ളിയുടെ കഥയില്‍ ചോദ്യമേ അരുത്.

പോട്ടെ ഒരു ബാബുക്കുട്ടനെ സൃഷ്ടിച്ച് ബെര്‍ളി ചിക്കിലി വാങ്ങിക്കോട്ടെ; നിര്‍ത്തിയേക്കാം എന്നു കരുതി. അപ്പോഴല്ലേ ടിയാന്റെ സ്വയമ്പന്‍ നിരീക്ഷണങ്ങള്‍.

ഇത്തരം ബ്ലോഗന്മാര്‍ ഒന്നും രണ്ടുമല്ല എന്നതാണു മറ്റൊരു കാര്യം. ഇവര്‍ക്ക്
ബ്ലോഗുകള്‍ തന്നെക്കുറിച്ചുതന്നെ ലോകത്തോടു വിളിച്ചു പറയാനുള്ള മാധ്യമമാണ്.
അടിസ്ഥാനപരമായി പ്രശസ്തനാവാനുള്ള മോഹം സൃഷ്ടിക്കുന്ന ലളിതമായ അധ്വാനമാണ്
ഇവരെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്. കെ. എസ്. ആര്‍. ടി. സി. ബസ്
സ്റ്റേഷനിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ സ്വന്തം പേരും വിലാസവും ഫോണ്‍ നമ്പരും
എഴുതിവച്ച് പ്രശസ്തനാവാന്‍ കൊതിക്കുന്നവന്റെ അതേ ലളിതമായ മനശാസ്ത്രമാണ് ഇത്തരം ബാബുക്കുട്ടന്മാരെയും സൃഷ്ടിക്കുന്നത്. തന്നെക്കുറിച്ചുള്ള കാര്യങ്ങള്‍
ബ്ലോഗുകളാക്കുന്നവരില്‍ ഏറിയ പങ്കും മലയാളികളാണെന്നതു ശ്രദ്ധേയമാണ്. ബ്ലോഗുകളും സിറ്റിസണ്‍ ജേര്‍ണലിസവുമൊക്കെ ആധുനിക സമൂഹത്തിന്റെ ഊര്‍ജധാരയെ സ്വാധീനിക്കുന്ന ആശയവിനിമയ ജാലകങ്ങളാണെന്നൊക്കെ താത്വികമായി പറയുമ്പോഴും ഇത്തരം തമാശകള്‍ കഴിഞ്ഞിട്ട് മറ്റൊന്നും വായിക്കാന്‍ സമയമില്ല എന്ന അവസ്ഥ ശോചനീയവുമാണ്.

പാവം ബെര്‍ളി. അദ്ദേഹത്തിനു ബ്ലോഗുകള്‍ മുഴുവന്‍ നോക്കിയിട്ടും ഇത്തരം തമാശക്കാരെ മാത്രമേ കണ്ടെത്താനായുള്ളു. കഷ്ടമല്ലേ കൂട്ടരേ.

ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് ഇതുവരെ ബെര്‍ളിയുടെ ബാബുക്കുട്ടനെപ്പോലെ ഒരു മലയാളിയെയും എനിക്കു കാണാനൊക്കാഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്. പിന്നെ ഞാന്‍ ആശ്വസിക്കും; ബെര്‍ളി കണ്ടെത്തുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിനു മാത്രം പരിചയമുള്ളവരാണല്ലോ.

എങ്കിലും ബെര്‍ളി, കംഫര്‍ട്ട് സ്റ്റേഷനില്‍ എഴുതിപ്പരക്കുന്ന സാഹിത്യത്തില്‍ നിന്നും പതിന്മടങ്ങു മെച്ചമാണ് താങ്കളുടെ എഴുത്തുകളെന്നു അഭിമാനിക്കാനുള്ള താങ്കളുടെ ആ ചങ്കൂറ്റമുണ്ടല്ലോ. അതെന്നെ വല്ലാതെ ഇമ്പ്രസ് ചെയ്തു. താങ്കളുടെ കുറിപ്പുകള്‍ ആധുനിക സമൂഹത്തിന്റെ ഊര്‍ജ്ജധാരയെ എത്രത്തോളമാണെന്നോ സ്വാധീനിക്കുന്നത്? എന്നിട്ടും എന്തൊരെളിമ!

താങ്കളുടെ റെക്കമന്‍ഡേഷനില്‍ മലയാളികളായ കക്കൂസെഴുത്തുകാരെയെല്ലാം മനോരമ ഓണ്‍ലൈനില്‍ ഇത്തരം കോളമെഴുതാന്‍ എടുത്തിരുന്നെങ്കില്‍ എന്നു ഞാനാശിച്ചു പോവുകയാണ്.

പച്ചമലയാളം, പച്ചപ്പരമാര്‍ത്ഥം

പച്ചമലയാളത്തിന്റെ താളുകള്‍ അയച്ചുതന്ന വയനശാലക്കാരന്‍ സുനിലിന്‌ നന്ദി.

പനച്ചിപെറ്റ പന്തിരുകുലം എന്ന ലേഖനം ഇരുത്തി വായിച്ചു. പഴയ സഹപ്രവര്‍ത്തകരെപ്പറ്റിയാകുമ്പോള്‍ ആവേശം കൂടുമല്ലോ. എഴുതിയത്‌ ഷാജി ജേക്കബാണെങ്കിലും ലേഖനത്തില്‍ ചില പരമാര്‍ഥങ്ങള്‍ ഇല്ലാതില്ല. ഷാജി വിമര്‍ശനം എന്ന നിലവിട്ട്‌ ചിലപ്പോഴൊക്കെ വ്യക്തിപരമായ ആക്രമണമഴിച്ചുവിടുന്നതൊഴിച്ചാല്‍ ലേഖനം ഉയര്‍ത്തുന്ന ചിന്തകള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതു തന്നെയാണ്‌.

മനോരമ മാനേജര്‍മാര്‍, ഏതുകാരണത്തിന്റെ പേരിലായാലും, മതില്‍ക്കെട്ടിനുപുറത്തെ എഴുത്ത്‌ നിരോധിച്ചെങ്കില്‍ അതു നല്ലതിനാണ്‌. പ്രസ്തുത എഴുത്തുകാര്‍ക്കും മലയാള സാഹിത്യത്തിനും. മാതൃഭൂമി, ഏഷ്യാനെറ്റ്‌, കൈരളി തുടങ്ങിയവര്‍ക്കൂടി ഈ നിരോധനം ഏര്‍പ്പെടുത്തിയാല്‍ നന്ന്. ആവിഷ്കാര സ്വാതന്ത്ര്യം, മാങ്ങാത്തൊലി എന്നൊക്കെപ്പറഞ്ഞ്‌ ആരുമെന്നോട്‌ തല്ലുകൂടാന്‍ വന്നേക്കല്ലേ.

വാസ്തവത്തില്‍ ഷാജി ജേക്കബ്‌ വിമര്‍ശിക്കേണ്ടത്‌ രവി ഡിസിയെയാണ്‌. ടിയാന്‍ വന്നതില്‍പ്പിന്നെയാണ്‌ പത്രപ്രവര്‍ത്തകരും പ്രസാധകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കളങ്കങ്ങള്‍ പെരുകിയത്‌. അതു പക്ഷേ ആരും പറയില്ല. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും എന്‍.ബി.എസും തകര്‍ത്തു തരിപ്പണമാക്കിയത്‌ അപ്പന്‍ ഡീസീയാണെന്ന് ആരും പറഞ്ഞിരുന്നില്ലല്ലോ.

ഇതൊക്കെയാണെങ്കിലും ഷാജി ജേക്കബിന്റെ ചില നിരീക്ഷണങ്ങളോട്‌ എനിക്കു തീരെ യോജിപ്പില്ല. “പത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഇടയ്ക്കിടെ പരമ്പരയായും ഫീച്ചറായും നേര്‍ച്ചയ്ക്കെഴുതുന്ന ചില പൈങ്കിളികളും ഗോസിപ്പുകളുമല്ലാതെ യാതൊന്നും പനച്ചിയും ഈ ചെറുപ്പക്കാരും മനോരമയ്ക്കോ മലയാളിക്കോ നല്‍കിയിട്ടില്ല.” എന്ന അഭിപ്രായം.

ഷാജി ജേക്കബിന്റെ ലിസ്റ്റിലുള്ള ചിലരെങ്കിലും നല്ല പത്രപ്രവര്‍ത്തകരാണ്‌. മിക്കവരും ഒറ്റപ്പെട്ട നല്ല കഥകള്‍ എഴുതിയിട്ടുമുണ്ട്‌.

പനച്ചിപ്പുറം മലയാള പത്രലോകത്തുള്ള ഒന്നാം തരം എഡിറ്ററാണ്‌. പ്രതിഭയുള്ളവന്‍. എന്റെ നോട്ടത്തില്‍ മലയാളത്തിലെ ഏറ്റവും മികച്ച മിഡില്‍പ്പീസ്‌ കോളങ്ങള്‍ പനച്ചിയുടെ തരംഗങ്ങളിലും സ്നേഹപൂര്‍വ്വവുമാണ്‌.

ടോം ജെ മങ്ങാട്‌ ഒന്നാംതരം നോളജ്‌ എഡിറ്ററാണ്‌. കൂലിയെഴുത്തിന്റെ കാണാപ്പുറങ്ങല്‍ വ്യംഗ്യമായി സൂചിപ്പിക്കുന്ന അദ്ദേഹത്തിന്റെ ചതുരംഗത്തമ്പുരാന്‍ മികച്ച സറ്റയറാണ്‌.

കെ ആര്‍ മീരയുടെ ഓര്‍മ്മയുടെ ഞരമ്പ്‌ എന്തുകൊണ്ടും മികച്ച കഥതന്നെ. രേഖയുടെ ‘മറന്നു വച്ചത്‌’ മനസില്‍ തട്ടാതിരിക്കില്ല.

ജി ആര്‍ ഇന്ദുഗോപന്‍ സ്പെഷ്യലൈസ്ഡ്‌ നോവല്‍ സങ്കേതത്തില്‍ മോഹനവര്‍മ്മയ്ക്കൊരു പിന്‍ഗാമിതന്നെ. കരിമണല്‍ഖനനത്തെപ്പറ്റി വിശദമായി അറിയാന്‍ അദ്ദേഹത്തിന്റെ ‘മണല്‍ജീവികള്‍’ വായിച്ചാല്‍മതി. നെയ്യാര്‍ഡാമിന്റെ സമീപത്തുള്ളവരുടെ ജീവിതത്തില്‍ മുതല എങ്ങനെ ഒരു പ്രഹേളികയാകുന്നുവെന്നറിയാന്‍ ‘മുതലലായനി’ വായിക്കുക. മലബാറിലേക്കു കുടിയേറിയ അച്ചായന്മാരുടെ പിന്‍തലമുറ അനുഭവിക്കുന്ന അസ്തിത്വ ദുഖമറിയാന്‍ ‘കൊടിയടയാളം’ ഓടിച്ചുനോക്കിയാല്‍ മതി. ബി.മുരളിയുടേതായി എത്രയോ നല്ല കഥകളുണ്ട്‌. ഈ സത്യമൊക്കെ അംഗീകരിക്കുകതന്നെ വേണം. പൈങ്കിളി, ഗോസിപ്പ്‌ എന്നൊക്കെപ്പറഞ്ഞ്‌ അടച്ചാക്ഷേപിക്കയുമരുത്‌.

പക്ഷേ ഷാജി ജേക്കബ്‌ മൊത്തത്തില്‍ പറഞ്ഞുവയ്ക്കുന്ന സത്യം, സത്യം തന്നെ. പത്രപ്രവര്‍ത്തകന്‍ എന്ന പദവി മുതലാക്കി സാഹിത്യലോകത്ത്‌ മേയുന്നവര്‍ക്ക്‌ പ്രാധാന്യമേറുന്നത്‌ ആശ്യാസ്യമല്ല. ഈ കൂട്ടുകെട്ടിന്റെ നിഴല്‍പ്പാടിലമര്‍ന്നു പോയ കുറെയേറെ നവസാഹിത്യകാരന്മാരുണ്ട്‌ മലയാളത്തില്‍.

സന്തോഷ്‌ എച്ചിക്കാനം എന്ന കഥകൃത്ത്‌ ഒരു വാഗ്ദാനമാണ്‌. എന്നാല്‍ മാധ്യമ പ്രവര്‍ത്തകനല്ലാത്തതിനാല്‍ സന്തോഷിന്റെ കഥകള്‍ ഒരു നിരൂപകനും വായനക്കാര്‍ക്കുമുന്നില്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടില്ല. മനംനൊന്താവാം സന്തോഷ്‌ സീരിയല്‍ കഥകളെഴുതി തൂലികയിലെ മഷി വറ്റിക്കുന്നു. മലയാളത്തില്‍ സമീപകാലത്തു തെളിഞ്ഞ മികച്ച കവിയാണ്‌ പി രാമന്‍. രാമന്റെ കവിതകളെപ്പറ്റി നല്ലവാക്കെഴുതാന്‍ ഈ പത്രക്കാരാരും തയാറായിട്ടില്ല. എഴുത്തൊഴിഞ്ഞിട്ടുവേണ്ടേ ഇതിനൊക്കെ നേരം.

പത്രക്കാരനാണെങ്കിലും എനിക്ക്‌ സുഭാഷ്‌ ചന്ദ്രന്റെ കഥകള്‍ എല്ലാമിഷ്ടമാണ്‌. പക്ഷേ ഓനിപ്പോ നിശബ്ദനാണല്ലോ. ആര്‍ക്കറിയാം ചിലപ്പോള്‍ വീരേന്ദ്രകുമാര്‍ തന്റെ പേരില്‍ കഥയെഴുതാന്‍ പറഞ്ഞു കാണും.

മനോരമ സാഹിത്യത്തിന്റെ പ്രശ്നം, അവിടെ മികച്ച എഴുത്തുകാരുണ്ട്‌ എന്നാല്‍ എഴുതിത്തെളിയുന്നതിനുമുന്‍പ്‌ അവര്‍ക്കെല്ലം ഒന്നും രണ്ടും സമാഹാരമായിപ്പോയി എന്നതാണ്‌.
ഇല്ല അത്രയ്ക്കങ്ങുയരാന്‍ സമയമായില്ല.

ആനുകാലികങ്ങളില്‍ എഴുതാനൊക്കില്ലെങ്കില്‍ ഇവിടെ വരുക. ബൂലോകത്തില്‍. എഴുതിത്തെളിയുക കൂടുതല്‍. കവറിലിട്ടു പൈസ തരില്ല എന്നേയുള്ളു. ഇവിടെയുണ്ട്‌ നിങ്ങള്‍ക്കു വളരാന്‍ പറ്റിയ മണ്ണ്‍. എന്നിട്ടാവാം, സാഹിത്യകാരന്‍, സാഹിത്യകാരി തുടങ്ങിയ പട്ടാഭിഷേകങ്ങള്‍.

ഇനി ഒരു സത്യം പറയാം. ഞെട്ടരുത്‌. മനോരമക്കാലത്ത്‌ ഞാനും ഒരു പുസ്തകമിറക്കി. എഴുതാന്‍ കഴിവില്ലാത്തതിനാല്‍ എഴുത്തുകാരെയെല്ലാം ഞാനങ്ങ്‌ എഡിറ്റു ചെയ്തു. അതു പുസ്തകവുമായി. എങ്ങനെയുണ്ടെന്റെ ബുദ്ധി.

വായനശാലക്കാരാ, ബൂലോകരേ,അപ്പന്റെ ആത്മകഥ മാതൃഭൂമിയി തുടങ്ങിയെന്നു കേട്ടു. ആരെങ്കിലും ആ താളുകള്‍ കരിഞ്ചന്തയിലെത്തിച്ചാല്‍ ഉപകാരം.