‘രാജ്യാന്തരം’ വിഭാഗത്തിന്റെ ശേഖരം

പൂച്ചയും ഒരു ചെറുമണിയും

ഐക്യരാഷ്ട്ര സഭയും അതിന്റെ പൊതുവേദികളും ചത്തകുതിരകളാണെങ്കിലും അടുത്തകാലത്ത് അവിടെ നടക്കുന്ന സംഭവങ്ങള്‍ ശ്രദ്ധേയമാണെന്നു പറയേണ്ടതില്ലല്ലോ. പൂച്ചയ്ക്കാരു മണികെട്ടും എന്ന ചോദ്യത്തിനുള്ള പാതിഉത്തരം ഹ്യോഗോ ഷാവെസിന്റെ രൂപത്തില്‍ യു.എന്‍. വേദികളില്‍ നിറഞ്ഞു നിന്നപ്പോള്‍ വിശേഷിച്ചും. ലോകപൊലീസുകാരന്റ കൈകളില്‍ അമ്മാനമാടാന്‍ മാത്രം വിധിക്കപ്പെട്ട ഐക്യരാഷ്ട്ര സഭയില്‍ ഷാവെസിനോ അദ്ദേഹത്തിന്റെ യു.എന്‍. പ്രതിനിധിക്കോ വലിയ മാറ്റമൊന്നുമുണ്ടാക്കാനാകില്ല എന്നതില്‍ തര്‍ക്കം വേണ്ട. എന്നിരുന്നാലും അമേരിക്കന്‍ സാമ്രാജ്യത്വം എന്നു ലോകമെമ്പാടും വിശേഷിക്കപ്പെടുന്ന പൂച്ചയുടെ കഴുത്തില്‍ ഒരു മണികെട്ടാന്‍ ഷാവെസ് എന്ന ദാവീദ് നടത്തുന്ന ശ്രമങ്ങള്‍ യു.എന്‍. വേദികളില്‍ ശ്രദ്ധിക്കപ്പെടുകയാണ്.

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലേക്കുള്ള വോട്ടെടുപ്പ് ഷാവെസ്-അമേരിക്ക യുദ്ധത്തില്‍തട്ടി മുക്കാല്‍ വഴിയില്‍ നില്‍ക്കുമ്പോള്‍ ശ്രദ്ധേയമായൊരു ചോദ്യമുയര്‍ത്താം. അമേരിക്കയുടെ നയങ്ങളെ എതിര്‍ക്കുന്ന എത്ര രാജ്യങ്ങള്‍ ആഗോളതലത്തിലുണ്ട്? വ്യക്തമായ ഒരുത്തരമില്ലെങ്കിലും രക്ഷാസമിതിയിലെ ലാറ്റിനമേരിക്കന്‍-കരിബിയന്‍ പ്രാതിനിധ്യത്തിനായി 35 തവണ നടന്ന വോട്ടെടുപ്പില്‍ വെനെസ്വലയ്ക്കുകിട്ടിയ ശരാശരി വോട്ടുകള്‍ ഉത്തരത്തിലേക്കു വെളിച്ചം വീശുന്നുണ്ട്.

ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാജ്യങ്ങളുടെ പ്രതിനിധിയെയാണു തിരഞ്ഞെടുക്കേണ്ടതെങ്കിലും ഈ മേഖലകളില്‍ നിന്നുള്ള രാജ്യങ്ങളുടെ ഭൂരിപക്ഷാഭിപ്രായത്തിനു വോട്ടെടുപ്പില്‍ പ്രസക്തിയില്ലാതെ വന്നതും ശ്രദ്ധേയമാണ്. വെനിസ്വെലയെ എങ്ങനെയെങ്കിലും പരാജയപ്പെടുത്താന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങളാണ് ഇതിനുകാരണം. മേഖലയില്‍ നിന്നും വിരലിലെണ്ണാവുന്ന രാജ്യങ്ങളുടെ മാത്രം പിന്തുണയുള്ള ഗോട്ടെമാലയാണ് 35 തവണയും വോട്ടെടുപ്പില്‍ മുന്നിട്ടു നിന്നത്. അമേരിക്കന്‍ പിന്തുണ ഒന്നുകൊണ്ടുമാത്രമാണിത്. 35 റൌണ്ടുകളിലുമായി വെനിസ്വെലയ്ക്കു കിട്ടിയ വോട്ടുകള്‍ അപ്പോള്‍ അമേരിക്കനിസത്തെ എതിര്‍ക്കുന്ന രാജ്യങ്ങളുടേതാണെന്ന് അനുമാനിക്കം. എഴുപത്തേഴോളം രാജ്യങ്ങളാണ് എല്ലാ റൌണ്ടിലും വെനിസ്വെലയ്ക്കൊപ്പം ഉറച്ചു നിന്നത്.

ആരൊക്കെയാണ് ഷാവെസിനെ പിന്തുണയ്ക്കുന്നത്? ഷാവെസിന്റെ പിന്തുണയത്രയും അദ്ദേഹം പെട്രോഡോളര്‍ കൊണ്ടു നേടിയതാണെന്നാണ് അമേരിക്കന്‍ പക്ഷക്കാര്‍ പറയുന്നത്. ഈ ആരോപണം തന്നെ ഗോട്ടെമാലയ്ക്കു പിന്തുണയുറപ്പിക്കാന്‍ അമേരിക്ക നടത്തുന്ന ഡോളര്‍ കച്ചവടത്തിലേക്കു വിരല്‍ചൂണ്ടുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഭൂരിഭാഗവും ഷാവെസിനെ പിന്തുണയ്ക്കുമ്പോള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാതെ വോട്ടെടുപ്പില്‍ നിന്നും രണ്ടു രാജ്യങ്ങള്‍ വിട്ടുനില്‍ക്കുന്നുണ്ട്; ചിലിയും പെറുവും. ഇതില്‍ ചിലി അമേരിക്കന്‍ പ്രലോഭനങ്ങള്‍ക്കു വഴങ്ങി മാറിനില്‍ക്കുന്നതാണെന്നു വേണം കരുതാന്‍. ഇരു രാജ്യങ്ങളും തമ്മില്‍ മാസങ്ങള്‍ക്കു മുന്‍പേ പറഞ്ഞുറപ്പിച്ച എഫ്-16 വിമാനക്കച്ചവടം തന്നെ ഉദാഹരണം. ചിലിക്ക് വിമാനങ്ങള്‍ നല്‍കാന്‍ തയാറാണെങ്കിലും ചിലിയന്‍ പൈലറ്റുമാരെ പരിശീലിപ്പിക്കണമെങ്കില്‍ ഐക്യരാഷ്ട സഭയില്‍ ചാവെസിനെതിരെ വോട്ടുചെയ്യണമെന്നാണ് അമേരിക്ക മുന്നോട്ടുവച്ചിരിക്കുന്ന വ്യവസ്ഥ. പെട്രോഡോളര്‍കൊണ്ട് ഷാവെസ് കളിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. എന്തിനേറെ, ബുഷിന്റെ മൂക്കിനുതാഴെവരെ അദ്ദേഹം കളിക്കുന്നുണ്ട്. എന്നിരുന്നാലും വ്യാപരബന്ധങ്ങള്‍ എന്ന പ്രലോഭനം വച്ചുനീട്ടി ഷാവെസിനെതിരെ വോട്ടുപിടിക്കാനിറങ്ങിയ അമേരിക്കയ്ക്കു മുന്നില്‍ കീഴടങ്ങാത്ത പത്തെണ്‍പതു രാജ്യങ്ങള്‍ ഭൂമിയിലുണ്ട് എന്നത് ശ്രദ്ധിക്കപ്പെടേണ്ടതു തന്നെയാണ്.

രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളില്‍ ചൈന വ്യക്തമായും റഷ്യ ഒളിഞ്ഞുംതെളിഞ്ഞും വെനിസ്വെലയെ പിന്തുണയ്ക്കുന്നുണ്ട്. ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദും വെനിസ്വെലന്‍ പ്രസിഡന്റ് ഷാവെസും തമ്മിലുള്ള ധാരണ ഉയര്‍ത്തിക്കാട്ടിയാണ് അമേരിക്ക വെനിസ്വെലയുടെ രക്ഷാസമിതി പ്രവേശനത്തെ എതിര്‍ക്കുന്നത്. വെനിസ്വെലവന്നാല്‍ ഇറാന്റെ ആണവ പദ്ധതികള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയുടെ പദ്ധതികള്‍ അട്ടിമറിക്കപ്പെടുമെന്നാണ് അവരുടെ വാദം. വെനിസ്വെല എന്ന ചെറുരാഷ്ട്രത്തെയും ഷാവെസിനെയും അമേരിക്ക എത്രത്തോളം ഭയക്കുന്നുണ്ട് എന്നതിനു തെളിവാണ് ഈ പ്രചാരണം.

ഐക്യരാഷ്ട്ര സഭയുടെ ഒരു പദ്ധതിയെയും അട്ടിമറിക്കാന്‍ ഷാവെസിനാകില്ല എന്നു ചൈനയ്ക്കും റഷ്യയ്ക്കും വ്യക്തമായറിയാം. 1990-91ല്‍ ഇറാഖ് ആക്രമിക്കാന്‍ രക്ഷാസമിതി അനുമതി നല്‍കുമ്പോള്‍ അമേരിക്കന്‍ വിരുദ്ധ രാജ്യമായ ക്യൂബ സമിതിയില്‍ അംഗമായിരുന്നുവല്ലോ. വെനിസ്വെലയ്ക്ക് രക്ഷാസമിതിയില്‍ കാര്യമായൊന്നു ം ചെയ്യാനില്ലെങ്കിലും അവരുടെ സാന്നിധ്യം വഴി അമേരിക്കന്‍ അധീശത്വം യു.എന്‍. വേദികളില്‍ എതിര്‍ക്കപ്പെടുമെന്നതാണ് ചൈനയും റഷ്യയും വെനിസ്വലെയെ പിന്തുണയ്ക്കുന്ന ഇതര രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ജോര്‍ജ് ബുഷിനെ ചെകുത്താന്‍ എന്നു വിശേഷിപ്പിച്ച് ചോംസ്കിയുടെ പുസ്തകവും ഉയര്‍ത്തിപ്പിടിച്ച് ഷാവെസ് പൊതുസഭയില്‍ നടത്തിയ പ്രസംഗം തന്നെ ഉദാഹരണം. സമീപകാലത്ത് ഏറ്റവും ശ്രദ്ധനേടിയ യു.എന്‍. പ്രസംഗമായിരുന്നല്ലോ അത്. അമേരിക്കന്‍ താല്പര്യങ്ങളെ ചെറുത്തു നില്‍ക്കാനുള്ള പല രാജ്യങ്ങളുടെയും കാലങ്ങളായുള്ള ആഗ്രഹങ്ങള്‍ പൂര്‍ത്തീ‍കരിക്കാനൊരു മിശിഹാ. വെനിസ്വെലയിലും ഹ്യൂഗോ ഷാവെസിലും ലോകം ഉറ്റുനോക്കുന്നതും അതുതന്നെയാണ്. നികിതാ ക്രൂഷ്ചേവ് മുതല്‍ ഫിദല്‍ കാസ്ട്രോ വരെ അമേരിക്കന്‍ മേല്‍ക്കോയ്മയെ എതിര്‍ക്കാന്‍ യു.എന്‍. പ്രസംഗപീഠം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്കില്ലാതിരുന്ന എണ്ണപ്പണത്തിന്റെ കനം വെനിസ്വെലക്കാരന്‍ ഷാവെസിന്റെ പോക്കറ്റിനുണ്ട് എന്നതും മറന്നുകൂടാ.

നമുക്ക് വോട്ടെടുപ്പിലേക്കു മടങ്ങിവരാം. 192 അംഗരാജ്യങ്ങള്‍ 35 തവണ വോട്ടുചെയ്തിട്ടും ഫലമില്ലാതിരുന്ന ഈ തിരഞ്ഞെടുപ്പു പ്രതിസന്ധി എങ്ങനെ പരിഹരിക്കപ്പെടും?
വോട്ടെടുപ്പ് ഒക്ടോബര്‍ 25വരെ നിറുത്തി വച്ചിരിക്കുകയാണ്. ഈ ഇടവേളയില്‍ ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാജ്യങ്ങള്‍ നടത്തുന്ന സമവായ ശ്രമങ്ങളാണ് ആദ്യ സാധ്യത. 1979-ല്‍ ക്യൂബയും അമേരിക്കന്‍ പിന്തുണയോടെ കൊളംബിയയും ഇങ്ങനെ പോരാടിയപ്പോള്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ ഇരു രാജ്യങ്ങളും പിന്‍‌മാറി ഒത്തുതീര്‍പ്പു സ്ഥാനാര്‍ത്ഥിയായി മെക്സിക്കോ വന്നിരുന്നു. എന്നാല്‍ ഇത്തവണ അത്തരമൊരു സമവായവും സങ്കീര്‍ണ്ണമാണ്.

ശീതയുദ്ധ കാലത്ത് സോവ്യറ്റ് യൂണിയന്റെ പിന്തുണയുള്ള ക്യൂബയൊഴികെ ഏതു രാജ്യവും അമേരിക്കയ്ക്കു സ്വീകാര്യമായിരുന്നു. എന്നാലിന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. വെനിസ്വെലയ്ക്കു പകരം ഷാവെസിനു സ്വാധീനമുള്ള ലാറ്റിമേരിക്കന്‍ മേഖലയില്‍ നിന്നു വരുന്ന ഏതു പകരക്കാരനെയും അങ്കിള്‍ സാം ഭയക്കുന്നു. ലാറ്റിനമേരിക്കന്‍-കരീബിയന്‍ മേഖലയില്‍ വെനിസ്വെലയ്ക്കുള്ള പിന്തുണയും ഗോട്ടെമാലയോടുള്ള എതിര്‍പ്പുമാണ് പ്രശ്നം. സമവായ ശ്രമങ്ങള്‍ തങ്ങളുടെ താല്പര്യത്തിനെതിരായിരിക്കുമെന്ന ആശങ്ക അമേരിക്കയ്ക്കുണ്ട്. അതിനാല്‍തന്നെ സമവായശ്രമങ്ങള്‍ അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ട്.

രക്ഷാസമിതിയിലെ കാലാവധിയായ രണ്ടുവര്‍ഷം ഇരുകൂട്ടരും പങ്കിട്ടെടുക്കുക എന്നതാണ് മറ്റൊരു പോംവഴി. എന്നാല്‍ ഷാവെസിന്റെ ചെകുത്താന്‍ പ്രസംഗത്തിനുശേഷം രക്ഷാസമിതിയില്‍ വെനിസ്വെല ഒരു ദിവസമെങ്കിലും അംഗമായിരിക്കുന്നത് അമേരിക്ക ഭയക്കുന്നു.

ഫലമെന്തുമായിക്കൊള്ളട്ടെ, നയതന്ത്ര ബന്ധങ്ങളില്‍ ഈ ദാവീദ്-ഗോലിയാത്ത് പോരാട്ടത്തിന്റെ അനുരണനങ്ങളുണ്ടായിരിക്കുമെന്നതില്‍ സംശയമില്ല.

——————
*റഫറന്‍‌സ്

#2006 United Nations Security Council election, ഇംഗ്ലീഷ് വിക്കി ലേഖനം

നെജാദ് അതു പറയരുതായിരുന്നു

”രണ്ടാം ലോക മഹായുദ്ധകാലത്ത്‌ ലക്ഷക്കണക്കിന്‌ യഹൂദരെ നാസികള്‍ കൂട്ടക്കൊല ചെയ്തെന്നാണ്‌ ജര്‍മ്മനിയും ഓസ്ട്രിയയും പറയുന്നത്‌. ഇതു ശരിയെങ്കില്‍ ഇസ്രയേല്‍ എന്ന രാജ്യത്തിനു ഭൂമികൊടുക്കേണ്ടത്‌ ഈ രാജ്യങ്ങളാണ്‌. പലസ്തീനിലെ മുസ്ലീംകള്‍ എന്തിന്‌ ഈ ഭാരം ചുമക്കണം?”

പോയവാരം രാഷ്ട്രത്തലവന്മാരുടെ വാചകമടിയില്‍ ഏറ്റവും ശ്രദ്ധേയമായ വാക്കുകളാണിത്‌. ഇറാന്‍ പ്രസിഡന്റ്‌ അഹമ്മദി നെജാദിന്റെ വാക്കുകള്‍. ഇതു കേട്ടപ്പോള്‍ ഒന്നു ഞെട്ടിയതോടൊപ്പം എന്റെ മനസ്‌ പെട്ടെന്ന് കുറേനേരം ഇന്ത്യയിലെ നമ്മുടെ പ്രിയപ്പെട്ട നേതാക്കന്മാരുടെ മുഖത്തേക്കു തറച്ചുനോക്കി നിന്നു.
ഇല്ല, അവരാരും ഇതു കേട്ടിട്ടില്ല. ഞാന്‍ സുല്ലിട്ടു. ഇവിടെ തിരിച്ചെത്തി. എന്റെ ബ്ലോഗില്‍. എന്നിട്ടു പറയുകയാണ്‌. പ്രിയപ്പെട്ട നെജാദേ നിങ്ങള്‍ പറഞ്ഞത്‌ ചെറ്റത്തരമാണ്‌.

ഓര്‍ക്കുന്നുണ്ടോ?, എന്തായിരുന്നു പുകില്‌. നമ്മുടെ ഇന്ത്യയില്‍ കഴിഞ്ഞമാസങ്ങളില്‍ ഇറാനുവേണ്ടി ഉണ്ടാക്കിയ പുകിലിന്റെ കാര്യമാണ്‌. ഇറാനെതിരെ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്ത ഇന്ത്യയുടെ നടപടി അവിടാര്‍ക്കും പിടിച്ചില്ല. ഡല്‍ഹിയില്‍ സി.പി.എമ്മിന്റെ കേന്ദ്രക്കമ്മിറ്റി ഓഫിസിലിരുന്ന സഖാവ്‌ കാരാട്ടു മുതല്‍ തിരുവനന്തപുരം തിരഞ്ഞെടുപ്പുകാലത്ത്‌ അഭിനവ സഖാവു കരുണാകരന്‍ വരെ ഈ നടപടിയില്‍ അങ്ങു പ്രതിഷേധിച്ചു കളഞ്ഞു. നമുക്കും കിട്ടണം വോട്ട്‌ എന്ന പ്രമാണത്തിന്റെ പിന്‍ബലത്തില്‍ നമ്മുടെ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പോലും കേന്ദ്ര സര്‍ക്കാരിന്റെ നടപടി ശരിയായില്ല എന്നു പ്രസ്താവനയിറക്കി.

ലോക ഭൂപടത്തില്‍ നിന്നു തന്നെ ഇസ്രയേലിനെ തുടച്ചു നീക്കണം എന്നു പറഞ്ഞതിന്റെ ചൂടാറും മുന്‍പാണ്‌ ഇറാനിലെ പുതിയ ദൈവം ഇന്നലെ ചരിത്രത്തില്‍ തികച്ചും അജ്ഞത നടിച്ച്‌ മറ്റൊരു ചൂടന്‍ പ്രസ്താവനയിറക്കിയത്‌. ഇറാന്‍ എന്ന കുഞ്ഞാടിനുവേണ്ടി സ്വരമുയര്‍ത്തിയ നമ്മുടെ ധീര സഖാക്കളാരും ഈ പ്രസ്താവനക്കെതിരേ പ്രതിഷേധിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. കാരണം കൊച്ചിയിലെ ജൂതത്തെരുവില്‍ ഇനിയും നാലോ അഞ്ചോ യഹൂദരേ ബാക്കിയുള്ളു. അവരിലാരും തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും മെനക്കെടുമെന്നു തോന്നുന്നില്ല. വോട്ടുബാങ്കില്ലാത്തവരുടെ മേല്‍ ഏതു തെമ്മാടി കുതിര കയറിയാലും നമുക്കാര്‍ക്കും ഒന്നുമില്ലല്ലോ.

പ്രിയപ്പെട്ട യഹൂദ സഹോദരീ സഹോദരന്മാരേ, ഞാന്‍ ലോകത്തൊരു ഈര്‍ക്കില്‍ പാര്‍ട്ടിയുടെപോലും പ്രസിഡന്റല്ല. എന്റെ പ്രതിഷേധംകൊണ്ട്‌ ആരെയും സ്വാധീനിക്കാനുമാവില്ല. എങ്കിലും, അധികമാരും എത്തിനോക്കാത്ത ഈ ബൂലോകത്താളിലിരുന്നു ഞാന്‍ പറയട്ടെ, എന്റെ മനസ്‌ നിങ്ങളോടൊപ്പമാണ്‌.

ശ്രീമാന്‍ നെജാദിന്റെ വാക്കുകളിലേക്കു മടങ്ങിവരാം. രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ നാസികള്‍ ജൂതന്മാരെ കൂട്ടക്കൊല ചെയ്തുവെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല എന്നാണ്‌ ആ വാക്കുകളില്‍നിന്നു മനസിലാക്കുന്നത്‌. നാസി പീഡന തുരങ്കങ്ങളില്‍ ശ്വാസം മുട്ടി മരിച്ച അറുപതു ലക്ഷത്തോളം യഹൂദരുടെ ആത്മാക്കളെ കണ്ടില്ലെന്നു നടിക്കാനേ ശ്രീ നെജാദിനിപ്പോ പറ്റുള്ളു. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ അതു തെളിയിക്കുന്നു. കഴുകന്‍ ചുറ്റും വട്ടമിട്ടു പറക്കുമ്പോള്‍ താങ്കളുടെ മരണവെപ്രാളം മനസിലാക്കാം നെജാദ്‌. പക്ഷേ, ഉദ്ദേശിച്ച കാര്യം നടത്താന്‍ ചരിത്രത്തെ വിഷവാതക അറയിലിട്ട്‌ ശ്വാസം മുട്ടിച്ചു കൊല്ലരുതായിരുന്നു.

നെജാദിന്റെ ലക്ഷ്യം വ്യക്തമാണ്‌. അമേരിക്ക വട്ടമിട്ടു പറക്കുമ്പോള്‍ ചുറ്റുമുള്ള അറബ്‌ രാജ്യങ്ങളുടെ പിന്തുണ നേടുക. പല കാര്യങ്ങളുടെ പേരില്‍ പരസ്പരം കലഹിച്ചു നില്‍ക്കുന്ന അറബിലോകത്തെ മുസ്ലിംകളെ ഒരുമിപ്പിക്കാന്‍ ഇതിലുംമികച്ചൊരു മാര്‍ഗ്ഗമില്ലല്ലോ. ഇസ്രയേലിനെ ഇടയ്ക്കിടയ്ക്കു ചൊറിഞ്ഞുകൊണ്ടിരിക്കുക. പോയവാരത്തിലെ ഈ തോണ്ടലിനു പിന്നിലും മറ്റൊരു ലക്ഷ്യവും കാണില്ല.

ഒന്നോര്‍ത്താല്‍ യഹൂദരേപ്പോലെ പീഡനമനുഭവിച്ച ഒരു ജനത ചരിത്രത്തിലുണ്ടോ. നെജാദ്‌ പറയുന്നത്‌ യഹൂദര്‍ ജര്‍മ്മനിയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടെങ്കില്‍ അവര്‍ക്കു രാജ്യം കൊടുക്കേണ്ടത്‌ ജര്‍മ്മനിയിലാണെന്നാണ്‌. ന്യായം കൊള്ളാം. പക്ഷേ ഇപ്പറയുന്ന ജനകോടികള്‍ എങ്ങനെ ജര്‍മ്മനിയിലെത്തി?.

അതേ, പത്തിരുപതു നൂറ്റാണ്ടുകാലം ലോകത്തുള്ള സകല ക്രിസ്ത്യാനികളും സകല മുസല്ന്മാമാരും മെക്കിട്ടു കയറിയത്‌ യഹൂദരുടെ മേലായിരുന്നല്ലോ. ലോകമെമ്പാടും ചിതറിക്കപ്പെട്ട അവര്‍ ഒരു രാജ്യമില്ലാതെ അലഞ്ഞു. ഭൂലോകത്തിലുള്ള മനുഷ്യര്‍ മുഴുവന്‍ അവരെ വിദ്വേഷത്തോടെ നോക്കി. പണ്ടത്തെ കഥകളില്‍ വില്ലന്മാരുടെ വേഷം യഹൂദന്മാരുടെ കുപ്പായമണിയിച്ചതിനും മറ്റൊരു കാരണമില്ല. വെനീസിലെ വ്യാപാരിയിലെ ഷൈലോക്ക്‌ ഏറ്റവും നല്ല ഉദാഹരണം. ഈ ജൂതവിരോധം തലയ്ക്കു പിടിച്ചാണല്ലോ ഹിറ്റ്‌ലര്‍ പാവങ്ങളെ കൂട്ടക്കൊല ചെയ്തത്‌.

ലോകം മുഴുവന്‍ ചിതറിക്കപ്പെട്ട്‌ സ്വന്തമായി അതിരുകളില്ലാതെ അലഞ്ഞ ആ ജനതയ്ക്ക്‌ ചരിത്രം നല്‍കിയ പ്രായ്ശ്ചിത്തമാണ്‌ ഇസ്രയേല്‍. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍, ഇന്നു പലസ്തീന്‍ ജനത അനുഭവിക്കുന്ന ദുഖം ചരിത്രത്തിന്റെ തിരിച്ചടിയാണ്‌. രാജ്യമില്ലാത്ത പലസ്തീന്‍ ജനതയോട്‌ ഞാന്‍ പുറംതിരിഞ്ഞു നില്‍ക്കുകയല്ല. പക്ഷേ അവര്‍ കൂട്ടുപിടിക്കേണ്ടത്‌ നെജാദിനെപ്പോലെ ചരിത്ര സത്യങ്ങള്‍ക്കുമേല്‍ വെള്ളപൂശുന്നവരെയല്ല എന്നു പറഞ്ഞുവെന്നു മാത്രം.
വാല്‍ക്കഷ്ണം:
നെജാദും മറ്റും ഇസ്രയേല്‍ പക്ഷപാതികളെന്നു പറയുന്ന അമേരിക്കക്കാരുടെയിടയില്‍ ജൂതവിരോധം ഇപ്പോഴും നിലനില്‍ക്കുന്നെണ്ടതാണു സത്യം. അന്‍പതു വര്‍ഷത്തിനിടെ അമേരിക്ക കണ്ട ഏറ്റവും മികച്ച ഭരണകര്‍ത്താവായിരുന്ന അല്‍ ഗോര്‍ 2000ലെ തിരഞ്ഞെടുപ്പില്‍ തോറ്റതുതന്നെ ഉദാഹരണം. അദ്ദേഹത്തിന്റെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി ജോസഫ്‌ ലിബറാന്‍ ഒരു യഹൂദനായിരുന്നു!.

ആണ്‍കുട്ടി

ലോകത്തിപ്പോള്‍ ഒരേയൊരു ആണ്‍കുട്ടിയേ ഉള്ളു. ലാറ്റിനമേരിക്കക്കയിലെ പട്ടിണിപ്പാവങ്ങളുടെ പുതിയ മിശിഹാ, ഹ്യൂഗോ ചാവെസ്‌. ചാവെസിനെ എനിക്കങ്ങു പിടിച്ചു. കമ്മ്യൂണിസം, സോഷ്യലിസം എന്നൊക്കെ നാലുനേരവും പറഞ്ഞ്‌ പുട്ടടിച്ചു നടക്കുന്ന സഖാക്കന്മാരെ കണ്ടുമടുത്ത നമ്മള്‍ ചാവെസ്‌ എന്ന സോഷ്യല്‍ ഡെമോക്രാറ്റിനെ അഭിനന്ദിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളു.

സമത്വം, സോഷ്യലിസം എന്നൊക്കെപ്പറഞ്ഞാണ്‌ ലോകത്തുള്ള സകല ഇടതന്മാരും വോട്ടുപിടിക്കുന്നത്‌. പക്ഷേ കസേരകിട്ടിക്കഴിയുമ്പോള്‍ ഇവരെല്ലാം വലത്തോട്ടു തിരിഞ്ഞാണ്‌ സഞ്ചാരം. കൊച്ചുകേരളത്തിലെ പട്ടിണിപ്പാവങ്ങള്‍ക്കു വെളിച്ചം പകരാനെന്ന പേരില്‍ കാനഡ സര്‍ക്കാരുമായി സൈഡ്‌ ബിസിനസ്‌ നടത്തുന്ന നമ്മുടെ പിണറായി മുതലിങ്ങോട്ട്‌ ഈ ഗണത്തില്‍ ഒരുപാട്‌ ഇടതന്മാരുണ്ട്‌. ഇവരയൊക്കെ മാറ്റി, സോഷ്യല്‍ ഡെമോക്രാറ്റുകളെ തേടിയുള്ള എന്റെ അന്വേഷണക്കണ്ണാടി പിടിക്കുമ്പോള്‍ മുന്നില്‍ത്തെളിയുന്നത്‌ ചാവെസ്‌ മാത്രമാണ്‌.

ചാവെസ്‌ ആണ്‍കുട്ടിയാണെന്ന് എനിക്കു നന്നേ ബോധ്യമായത്‌ കത്രീനയുടെ നേരത്താണ്‌. ചുഴലി വീശിയടിക്കുമ്പോള്‍ ടെക്സാസില്‍ ഒഴിവുകാലം ചിലവഴിക്കുകയായിരുന്ന ജോര്‍ജ്‌ ബുഷിന്‌ ഈ ചുണക്കുട്ടി നല്‍കിയ വിശേഷണം എനിക്ക്‌ ക്ഷ പിടിച്ചു; ”ഒഴിവുകാലങ്ങളുടെ തമ്പുരാന്‍”. ബുഷങ്കിളിനെ അങ്ങനെ കളിയാക്കിയിട്ടു കൈയ്യും വീശിപ്പോയില്ല ചാവെസ്‌. കത്രീന തകര്‍ത്ത പാവങ്ങള്‍ക്കായി സഹായ വാഗ്ദാനം നല്‍കിയ ആദ്യ വിദേശ രാജ്യം വെനിസ്വല ആയിരുന്നു എന്നതോര്‍ക്കണം. പക്ഷേ, ഈ വിശാല മനസിനെ വേണ്ടെന്നു വയ്ക്കാനേ അമേരിക്കക്കാര്‍ക്കു പറ്റുമായിരുന്നുള്ളു.

അമേരിക്കന്‍ സാമ്രാജ്യത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ്‌ ജീവിതമെങ്കിലും ചാവെസിന്റെ വെനിസ്വല സര്‍ക്കാര്‍ പണം മുഴുവന്‍ ഉണ്ടാക്കുന്നത്‌ അമേരിക്കയില്‍നിന്നാണ്‌ കേട്ടോ. അമേരിക്കയിലെ വലിയ എണ്ണ ബ്രാന്‍ഡുകളിലൊന്നായ സിറ്റ്ഗോ ചാവെസ്‌ നേതൃത്വം നല്‍കുന്ന വെനിസ്വലന്‍ സര്‍ക്കാരിന്റേതാണ്‌. ചാവെസിനോടുള്ള കമ്പം മൂത്ത്‌ ഞാനിപ്പോ ഗ്യാസടിക്കുന്നത്‌ സിറ്റ്ഗോയില്‍നിന്നാണ്‌ കേട്ടോ.

മറ്റു സോഷ്യലിസ്റ്റുകളില്‍ നിന്ന് ചാവെസില്‍ കണ്ട വ്യത്യാസം ജനാധിപത്യത്തോട്‌ അയാള്‍ക്കുള്ള പ്രതിബദ്ധതയാണ്‌. മാറ്റിയെഴുതിയ വെനിസ്വലന്‍ ഭരണഘടനയില്‍ പ്രസിഡന്റിനെ തിരിച്ചുവിളിക്കാനുള്ള അവകാശം ജനങ്ങള്‍ക്കു ‍നല്‍കിയിരിക്കുന്നതു തന്നെ ഏറ്റവും വലിയ ഉദാഹരണം. ഭരണത്തില്‍ ചാവെസ്‌ തിരഞ്ഞെടുത്ത മുന്‍ഗണനാക്രമമാണ്‌ മറ്റൊന്ന്. നിരക്ഷത തുടച്ചു നീക്കുക, രോഗങ്ങള്‍ ചെറുക്കുക തുടങ്ങിയവയാണ്‌ വെനിസ്വലയില്‍ മുന്‍ഗണനാ വിഷയങ്ങള്‍. വിദേശ നിക്ഷേപം പോലെയുള്ള ഉമ്മാക്കികള്‍ക്ക്‌ അവസാന സ്ഥാനമേയുള്ളു.

ഇവിടെ വടക്കേ അമേരിക്കയുടെ ഒരു കോണിലിരുന്ന് താഴേക്കു നോക്കുമ്പോള്‍ ഞാന്‍ കാണുന്നത്‌ ചാവെസ്‌ വസന്തമാണ്‌. സൈമണ്‍ ദ്‌ ബൊളിവര്‍ക്കുശേഷം ലാറ്റിനമേരിക്കയുടെ വിമോചകനാകാനായിരുക്കും ഒരു പക്ഷേ ഹ്യൂഗോ ചാവെസിന്റെ നിയോഗം.

രാജാവ്‌ ഇപ്പോഴും നഗ്നന്‍ തന്നെ!

ചുഴലിക്കൊടുങ്കാറ്റ്‌ അമേരിക്കയുടെ തെക്കുകിഴക്കന്‍ തീരദേശത്ത്‌ അത്ര പുതിയ സംഭവമൊന്നുമല്ല. വേനല്‍ക്കാലം എത്തിക്കഴിഞ്ഞാല്‍ ഇടക്കിടെ ഉണ്ടാകുന്ന കാലാവസ്ഥ പ്രതിഭാസം. ഡെന്നിസ്‌ എന്നോ, അലന്‍ എന്നോ ഓമനത്തമുള്ള പേരിട്ട്‌ അവർ അതിനെ കാത്തിരിക്കും. പക്ഷേ ഓഗസ്റ്റ്‌ അവസാനം വീശിയടിച്ച കാത്രീനയെന്ന ചുഴലിക്കൊടുങ്കാറ്റ്‌ ചില്ലറക്കാരിയായിരുന്നില്ല. അതു വീശിയടിച്ചത്‌ ലോകപോലീസുകാരന്റെ നഗ്നതയിലേക്കാണ്‌. ലോകം മുഴുവന്‍ നന്നാക്കിയെടുക്കാന്‍ നടക്കുന്ന അമേരിക്ക എന്ന വന്‍ശക്തിക്ക്‌ സ്വന്തം ജനതയെ ഒരു പ്രകൃതിക്ഷോഭത്തില്‍ നിന്നു കരകയറ്റാനുള്ള ശക്തിയില്ലെന്ന സത്യം തുറന്നുകാട്ടുകയായിരുന്നു കാത്രിന. പോയവാരം അമേരിക്കയിലെ ഏറ്റവും വലിയ തുറമുഖ നഗരമായ ന്യൂഓര്‍ലിയന്‍സില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ അതിദയനീയമാണ്‌. ആഫ്രിക്കയിലെ ഏറ്റവും ദരിദ്രമായ ഒരു രാജ്യത്തെയാണ്‌ ഈ കാഴ്ചകള്‍ അനുസ്മരിപ്പിക്കുന്നത്‌. അക്രമം, പകല്‍ക്കൊള്ള, ബലാത്സംഗം, പിടിച്ചുപറി; എല്ലാം നോക്കി അമ്പരന്നു നിൽക്കുന്ന ഭരണകൂടം. അമേരിക്ക മുഖം കുനിക്കുകയാണ്‌. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഉയരുന്ന ചോദ്യങ്ങള്‍ക്കുത്തരമില്ലാതെ. കത്രീനയേക്കാള്‍ സംഹാരരുദ്രമായ സുനാമിയെ ഏഷ്യയിലെ മൂന്നാം ലോകരാജ്യങ്ങള്‍ ഇതിലും എത്രയോ ആസൂത്രണ മികവോടെയാണ്‌ കൈകാര്യം ചെയ്തത്‌.

എവിടെ ബുഷ്‌

അമേരിക്കയുടെ തെക്കുകിഴക്കന്‍ തീരത്തുള്ള ലൂയിസിയാന സംസ്ഥാനത്താണ്‌ കാത്രിന കനത്ത നാശംവിതച്ചത്‌. ഇവിടത്തെ പ്രധാന നഗരമായ ന്യൂഓര്‍ലിയന്‍സ്‌ അപ്പാടെ വെള്ളത്തിനടിയിലായി. സമുദ്രനിരപ്പിനും താഴെയുള്ള ഈ നഗരത്തിലെ ജനങ്ങള്‍ അപ്പാടെ കുടിയൊഴിപ്പിക്കപ്പെട്ടു. ദുരന്തത്തെ നേരിടാന്‍ ഈ തുറമുഖനഗരാധികൃതര്‍ കാര്യമായ തയാറെടുപ്പുകള്‍ ഒന്നും തന്നെ നടത്തിയില്ല എന്നു പറയാം. ഒടുവില്‍ ഇന്ത്യയിലെക്കൊ നടക്കാറുള്ളതുപോലെ ലോകത്തെ ഏറ്റവും സമ്പന്ന രാജ്യത്തും സംഭവിച്ചു. പരസ്പരം പഴിചാരല്‍. ന്യൂഓര്‍ലിയന്‍സ്‌ മേയറായ റേ നാഗിനാണ്‌ ആദ്യവെടിപൊട്ടിച്ചത്‌. ദുരന്തത്തില്‍ നിന്നും കരകയറാന്‍ ഫെഡറല്‍ ഗവൺമന്റ്‌ സഹായിക്കുന്നില്ല എന്നായിരുന്നു നാഗിന്റെ പരിദേവനം. നഗരം മുഴുവന്‍ വെള്ളത്തിലായിട്ടും ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയില്ല എന്ന വലിയ പിഴവു വരുത്തിയ ആളാണെങ്കിലും റേ നാഗിന്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല.
അമേരിക്കന്‍ ഭരണകൂടം ഉറക്കത്തിലാണോ?. എല്ലാവരുടെയും ചോദ്യമിതാണ്‌. വിമര്‍ശനങ്ങളുടെ കുന്തമുന പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിലേക്കാണു നീങ്ങുന്നത്‌. ഇറാഖിലെ ജനങ്ങളുടെ കണ്ണീര്‍ തുടയ്ക്കാന്‍ കോടികള്‍ പൊടിക്കുന്ന ബുഷിന്‌ ന്യൂഓര്‍ലിയന്‍സിലെ ജനങ്ങളെ ദുരന്തത്തില്‍ നിന്നും കരകയറ്റാനുള്ള കരുത്തില്ലേ?. കത്രീന നാശം വിതച്ചു കടന്നു പോയിട്ട്‌ ഒരാഴ്ചയിലേറെയായി. ഇതുവരെ വീടുനഷ്ടപ്പെട്ട ജനങ്ങളെ പുനരധിവസിപ്പിക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തിനായിട്ടില്ല. എന്തിനേറെ ദുരന്തത്തില്‍ എത്രപേര്‍ മരിച്ചുവെന്നതിനും കൃത്യമായ കണക്കില്ല. കഷ്ടം!. ലോകത്തെ മൊത്തം നിയന്ത്രിക്കാനിറങ്ങുന്ന ബുഷിന്‌ ഒരു ചെറു നഗരം പോലും സംരക്ഷിക്കാനുള്ള കെല്‍പ്പില്ലെന്നു തെളിഞ്ഞില്ലേ?.
ഏതായാലും ചില പൊടിക്കയ്കളൊക്കെ കാട്ടി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് അങ്കി സാം. തകര്‍ന്നു തരിപ്പണമായ നഗരത്തില്‍ച്ചെനു വീടു നഷ്ടപ്പെട്ടവരുടെ കൂടെ ഫോട്ടോയ്ക്കു പോസു ചെയ്യുക, ആദിയായ ഗിമ്മിക്കുകളുമായി പിടിച്ചുനില്‍ക്കാന്‍ നോക്കുകയാണ്‌ ബുഷിപ്പോള്‍. ഇടയ്ക്ക് ഒന്നും ശരിയായില്ല എന്നൊരു കുറ്റസമ്മതവും നടത്തി. ഇവിടുത്തുകാര്‍ക്ക് ഇത്രയൊക്കെ മതിയെന്നേ. ഞാനിപ്പോള്‍ ഓര്‍ക്കുന്നതു മറ്റൊന്നണ്‌. 9/11നു ശേഷം ന്യൂയോര്‍ക്കില്‍ ഗിലാനി എന്നൊരു മേയറില്ലായിരുന്നെങ്കില്‍ അമേരിക്കയുടെ സ്ഥിതി എന്താകുമായിരുന്നു?.

കാറ്റും മഴ്യയും കറുത്തവര്‍ക്കു മാത്രമോ

കാത്രീനയുടെ ദുരന്ത ദൃശ്യങ്ങളിലേക്ക്‌ കണ്ണു തുറന്നവര്‍ മറ്റൊരു കാര്യം കണ്ട്‌ അത്‍ഭുതപ്പെടുന്നതും കണ്ടു. ന്യൂഓര്‍ലിയന്‍സില്‍ കറുത്തവര്‍ മാത്രമേയുള്ളോ. ഈ ചോദ്യത്തില്‍ നിന്നാണ്‌ അമേരിക്കയില്‍ പട്ടിണിപ്പാവങ്ങളുടെ സ്ഥിതിയെന്ത്‌ എന്നറിയാനുള്ള അന്വേഷനങ്ങള്‍ ആരംഭിക്കേണ്ടത്‌. ഇവിടത്തെ മാധ്യമങ്ങളൊക്കെ മടിച്ചുമടിച്ചാണെങ്കിലും ഇങ്ങനെ ഒരു ചോദ്യം ഉയര്‍ത്തിത്തുടങ്ങി. കറുത്തവര്‍ക്കുമേല്‍ ദുരന്തം പെയ്തിറങ്ങിയതുകൊണ്ടാണോ ആശ്വാസമെത്താന്‍ ഇത്ര വൈകിയത്. പ്രതിധ്വനികള്‍ ഏറെയുള്ള ഈ ചോദ്യത്തിന്റെ അലകള്‍ മാറ്റാനുള്ള ശ്രമത്തിലാണു ഭരണകൂടമിപ്പോള്‍.
ന്യൂഓര്‍ലിയൻസില്‍ കറുത്ത വംശജര്‍ അല്‍പം കൂടുതലാണ്‌. 67 ശതമാനതോളം. പക്ഷെ ബാക്കിയുള്ള വെള്ളക്കാരെല്ലം എവിടെപ്പോയി?. ഇതാണ് അമേരിക്കയുടെ ചിത്രം. സമ്പത്തെല്ലാം എങ്ങോട്ടു പോകുന്നു എന്നിപ്പോള്‍ മനസിലായില്ലേ? വിലകൂടിയ കാറുകളും മറ്റു സൌകര്യങ്ങളുമൊക്കെ തൊലി വെളുത്തവര്‍ക്കു മാത്രം. പട്ടിണിപ്പാവങ്ങള്‍ക്കു യാത്ര ചെയ്യാന്‍ സര്‍ക്കാരിന്റെ ബസ്‌ തന്നെ വേണം. കാറുളള സായിപ്പുമാരൊക്കെ കാറ്റുവരുന്നതിനു മുന്‍പ്‌ ഓടി രക്ഷപെട്ടു. വെള്ളക്കാര്‍ സുരക്ഷിതരായാല്‍ പിന്നെ ഭരണവര്‍ഗ്ഗത്തിനും പ്രശ്നങ്ങളൊന്നുമില്ലല്ലോ. പിന്നെ കാറ്റായാല്‍ എന്ത്‌ മഴയായാലെന്ത്‌. മനസിലായില്ലേ മാന്യന്മാരുടെ രാജ്യത്തിന്റെ പുറമ്പൂച്ചുകള്‍.